സുഗതകുമാരിയായി ആശാ ശരത്‌

മലയാളികളുടെ പ്രിയ കവി സുഗതകുമാരിയുടെ ജീവിതം ചലച്ചിത്രമാക്കുന്നു. സംഗീത സംവിധായകൻ സുരേഷ് മണിമലയാണ് പവിഴമല്ലി എന്ന പേരിൽ സുഗതകുമാരി ടീച്ചറുടെ ജീവിതത്തിന് ദൃശ്യ ഭാഷ്യമൊരുക്കുന്നത്. സുഗതകുമാരിയുടെ തന്നെ ഒരു കവിതയുടെ പേരാണ് പവിഴമല്ലി. ചിത്രത്തിന്റെ തിരക്കഥയും സംഗീത സംവിധാനവും നിർവ്വഹിയ്ക്കുന്നതും സുരേഷ് തന്നെയാണ്.

സുഗതകുമാരി എന്ന കവിയുടേയും സാമൂഹ്യ പ്രവർത്തകയുടേയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ സുഗതകുമാരിയായി ആശാ ശരത്താണ് വേഷമിടുന്നത്. എന്നാൽ സുഗതകുമാരി എന്ന പേരിലായിരിയ്ക്കില്ല ചിത്രത്തിൽ ആശാ ശരത്തിന്റെ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പാർവ്വതി ടീച്ചർ എന്നതായിരിയ്ക്കും ഈ കഥാപാത്രത്തിന്റെ പേര്. മറ്റു കഥാപാത്രങ്ങൾക്കും യഥാർഥ പേരുകൾ ഉപയോഗിയ്ക്കില്ല. വ്യക്തിപരമായി ആർക്കും ബുദ്ധിമുട്ടുണ്ടാകാതിരിയ്ക്കാനാണ് പേരുകൾ മാറ്റുന്നതെന്ന് സംവിധായകൻ പറയുന്നു.

വീ ഹിയർ യൂ ഇന്ത്യ എന്ന സംഘടനയും പുലരി ക്രിയേഷൻസും ചേർന്നാണ്  ചിത്രം നിർമ്മിയ്ക്കുന്നത്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.