ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവി; ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: സുപ്രീം കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് പിന്നാലെ ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഇന്ന് ഒപ്പിട്ടെങ്കിലും ഒദ്ദ്യോഗിക ഉത്തരവ് നാളെ മാത്രമേ പുറത്തിറങ്ങുകയുള്ളൂ. സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് വിജിലന്‍സ് ഡയറക്ടറായി പുതിയ നിയമനം നല്‍കി.

നേരത്തെ സുപ്രീം കോടതിയെ സമീപിച്ച സെന്‍കുമാറിന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്ന് ലഭിച്ചതെങ്കിലും സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയായിരുന്നു. ഇന്ന് ഹര്‍ജി തള്ളിയ കോടതി രൂക്ഷമായ വിമര്‍ശനമാണ് സംസ്ഥാന സര്‍ക്കാറിനെതിരെ നടത്തിയത്. തുടര്‍ന്ന് ഇന്നു തന്നെ സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമനം നല്‍കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇത് സംബന്ധിച്ച ഫയര്‍ ചീഫ് സെക്രട്ടിറി മുഖ്യമന്ത്രിയുടെ പരിഗണനക്ക് നല്‍കി. മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടെങ്കിലും ഉത്തരവ് പുറത്തിറക്കുന്നത് നാളത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. നേരത്തെ പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തുണ്ടായിരുന്ന ജേക്കബ് തോമസ് അവധിയിലാണ്.