അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനാകും

ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് മോചനത്തിന് വഴിയൊരുങ്ങുന്നു. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് മോചനത്തിന് വഴിയൊരുങ്ങുന്നതെന്ന് രാമചന്ദ്രന്റെ നിയമോപദേശകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കടങ്ങള്‍ വീട്ടാന്‍ ബാക്കിയുള്ള ബാങ്കുകളോട് സാവകാശം തേടും, ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന് പ്രഖ്യാപിച്ച് സ്വയം മോഡലായി പരസ്യപ്രളയം തന്നെ സൃഷ്ടിച്ച് സ്വര്‍ണാഭരണ വിപണി കീഴടക്കിയ രാമചന്ദ്രന്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസം ഇന്‍ഷുറന്‍സ് വണ്ടിച്ചെക്കുകേസില്‍ ജയിലിലായ മകള്‍ ഡോ. മഞ്ജുവിന്റെ മോചനം ഒപ്പമുണ്ടാകുമോ എന്ന് വ്യക്തമല്ല. 15 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത് ഇന്ത്യയിലേയ്ക്ക് കടത്തിയ രാമചന്ദ്രന്‍ അറ്റ്ലസ് ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ വന്‍തോതില്‍ നഗരഭൂമികള്‍ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം.

യുഎഇയിലെ 19 സ്വര്‍ണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി 52 ശാഖകളാണ് അറ്റ്ലസിനുണ്ടായിരുന്നത്. വായ്പാതട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി. ഹാള്‍മാര്‍ക്ക് ചെയ്യാന്‍ സ്വര്‍ണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാര്‍ നല്‍കിയ വിശദീകരണം. ഈ ജൂവലറി ശാഖകളെല്ലാം ഇപ്പോള്‍ അടഞ്ഞുകിടപ്പാണ്. ഈ വായ്പാ ഇടപാടില്‍ സൂത്രധാരനായിരുന്ന മഹാപാത്രയാണ് ഇപ്പോള്‍ അറ്റ്ലസ് ഇന്ത്യ ജൂവലറി ലിമിറ്റഡിന്റെ സിഇഒ. വായ്പാതട്ടിപ്പിനിരയായതെല്ലാം ഇന്ത്യന്‍ ബാങ്കുകളുടെ ഗള്‍ഫ് ശാഖകളായതിനാല്‍ തുക ഗള്‍ഫില്‍ നിന്ന് ഈടാക്കാനേ കഴിയൂ.

അറ്റ്ലസ് രാമചന്ദ്രന് ഏറ്റവുമധികം വായ്പ വാരിക്കോരി നല്‍കിയത് ബാങ്ക് ഓഫ് ബറോഡയുടെ യുഎഇ മേഖലാ മേധാവി രാമമൂര്‍ത്തിയായിരുന്നു. പിന്നീട് ബാങ്കിന്റെ ഡയറക്ടറായ ഇയാള്‍ ഈ ഇടപാടിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടു. രാമചന്ദ്രന്‍ തടവിലായി ഒന്നര വര്‍ഷത്തോളമായിട്ടും ഇതുവരെ വായ്പ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. പുറത്തിറങ്ങിയാല്‍ എല്ലാ സ്വത്തും വിറ്റായാലും മുഴുവന്‍ വായ്പയും തിരിച്ചടയ്ക്കാമെന്ന് ദുബൈയിലെ ഒരു മാധ്യമത്തിന് ജയിലില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസി’ലൂടെയും ഈ വാഗ്ദാനം നല്‍കിയതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനുമായി ഒരു ധാരണയിലെത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് ജയില്‍മോചന സാധ്യത തെളിഞ്ഞത്.

യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എന്‍എംസിയുടെ ഉടമ ഡോ. ബി ആര്‍ ഷെട്ടി അറ്റ്ലസ്ഗ്രൂപ്പിന്റെ ഒമാനിലെ രണ്ട് പഞ്ചനക്ഷത്ര ആശുപത്രികള്‍ ഏറ്റെടുത്ത് വായ്പ തിരിച്ചടയ്ക്കാന്‍ ധാരണയായിട്ടുണ്ടെന്ന വാര്‍ത്തകളുണ്ട്. ഇതിനുപുറമേ കേരളത്തിലെ ഒരു പ്രമുഖ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സാരഥിയും മെഡിക്കല്‍ കോളജ്-ആശുപത്രി ഉടമയും സ്വകാര്യ ധനകാര്യ സ്ഥാപനം മേധാവിയുമായ വ്യക്തിയും അറ്റ്ലസിന്റെ കടംവീട്ടാന്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നറിയുന്നു. ഒപ്പം അറ്റ്ലസ് രാമചന്ദ്രന്‍ സ്ഥാപകനായിരുന്ന ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി സംഘടനയും അദ്ദേഹത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. പുറത്തിറങ്ങിയാല്‍ ഇന്ത്യയില്‍ അറ്റ്ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോള്‍ പലമടങ്ങു വില വര്‍ധിച്ചതുമായ ചില നഗരഭൂമികള്‍ വിറ്റാല്‍ മാത്രം തീര്‍ക്കാവുന്നതേയുള്ളൂ ഇപ്പോഴത്തെ കടബാധ്യതയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.