ശിവപ്രസാദ്: ഏകാന്തതയുടെ ചലച്ചിത്രകാരന്‍

-ക്രിസ്റ്റഫര്‍ പെരേര-

പണ്ട് തിരുവല്ലയിലെയും ചങ്ങനാശേരിയിലെയും തിയേറ്ററുകളില്‍ പ്രേംനസീറിന്റെയും സത്യന്റെയും തട്ടുപൊളിപ്പന്‍ സിനിമകള്‍ കണ്ട് നടന്നിരുന്ന പയ്യനായിരുന്നു ശിവപ്രസാദ്. തിരുവല്ല മാര്‍ത്തോമാ കോളജിലെ പഠനകാലത്താണ് സത്യജിത്ത് റായിയെ കുറിച്ച് വായിക്കുന്നത്. ചങ്ങനാശേരി പോപ്പുലര്‍ തിയേറ്റര്‍ കേന്ദ്രീകരിച്ച് ( ഇന്നത്തെ ധന്യ, രമ്യ) ശ്രീരാംമേനോന്‍ എന്നയാളുടെ നേതൃത്വത്തില്‍ ഫിലിം സൊസൈറ്റി നടത്തിയിരുന്നു. അവിടെപ്പോയി പഥേര്‍ പാഞ്ചാലിയും, സുവര്‍ണ രേഖയും മറ്റും കണ്ടതോടെ സിനിമയ്ക്ക് ഒരു അന്തരാഷ്ട്ര മാനമുണ്ടെന്ന് മനസിലായി. പിന്നെ സിനിമയെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ എഴുതിയ ലേഖനങ്ങളും മറ്റും തേടിപ്പിടിച്ച് വായിച്ചു. സിനിമ മനസില്‍ വലിയൊരു സ്വപ്‌നമായി വളര്‍ന്നു. ഇന്ന് മലയാളത്തിലെ അറിയപ്പെടോുന്ന സംവിധായകനും ഫിലിം അക്കാദമീഷ്യനുമാണ് ആ പയ്യന്‍. പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ അധ്യാപകനായി. എട്ട് സിനിമകളും എണ്‍പതോളം ഷോര്‍ട് ഫിലിമുകളും ഡോക്യുമെന്ററികളും എടുത്തു. നിരവധി സീരിയലുകള്‍ സംവിധാനം ചെയ്തു. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. മകന്‍ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ്, സിദ്ധാര്‍ത്ഥ് ശിവ.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചും പഠിപ്പിച്ചും

kaviyoor_sivaprasadഅടൂര്‍ ഗോപാലകൃഷ്ണന്‍ മാതൃഭൂമി വാര്‍ഷിക പതിപ്പില്‍
എഴുതിയ ലേഖനത്തില്‍ നിന്നാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് അറിയുന്നത്. അദ്ദേഹമടക്കം പലരും അവിടെ പഠിച്ചതാണല്ലോ. ശത്രുഘ്‌നന്‍ സിന്‍ഹയെ പോലെ വിനോദ സിനിമയിലുള്ളവരും അവിടുത്തെ വിദ്യാര്‍ത്ഥികളാണ്. 1976ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ ക്ഷണിച്ചത് പത്രത്തില്‍ കണ്ട് ശിവപ്രസാദ് അയച്ചു. അവിടെ പോയി പരീക്ഷ എഴുതി, പാസായി. സംവിധാനമായിരുന്നു പഠനം. മൂന്ന് വര്‍ഷത്തെ കോഴ്‌സായിരുന്നെങ്കിലും അഞ്ച് വര്‍ഷം കഴിഞ്ഞു റിസല്‍റ്റ് വരാന്‍. ഏകാന്തത പ്രമേയമാക്കിയെടുത്ത ‘ആത്മഗതം’ ആയിരുന്നു ഡിപ്‌ളോമഫിലിം. അന്ന് പല രാജ്യാന്തര ചലച്ചിത്രമേളകളിലും അത് തെരഞ്ഞെടുത്തിരുന്നു.

പരസ്യചിത്രങ്ങളില്‍ തുടക്കം

ഇന്‍സ്റ്റ്യൂട്ടില്‍ നിന്നിറങ്ങിയ ശേഷം ബോംബയില്‍ താമസിച്ച് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തു. സുഹൃത്ത് സ്വര്‍ണവേല്‍ ഈശ്വരന്‍ പിള്ളയും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാതായതോടെ നാട്ടിലേക്ക് തിരിച്ചു. കുറച്ച് നാള്‍ കഴിഞ്ഞ് മനസിന്റെ തീര്‍ത്ഥയാത്ര എന്ന സിനിമയുടെ നിര്‍മാതാവ് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്റെ ബന്ധുവായ നാരായണന്‍ ഉണ്ണിത്താന്റെ തിരക്കഥയായിരുന്നു. ജലരേഖ എന്നായിരുന്നു ചിത്രത്തിന്റെ പേര്. സുകുമാരന്‍, വേണുനാഗവള്ളി, ജലജ തുടങ്ങിയവരാണ് അഭിനയിച്ചത്. പക്ഷെ, ചിത്രം പാതിവഴിക്ക് മുടങ്ങി. പിന്നീട് വിക്രമോര്‍വ്വശീയത്തെ ആധാരമാക്കി പുരൂരവസ് എന്ന ചിത്രം സംവിധാനം ചെയ്തു.

വേമ്പനാട്

vembanadu1990ല്‍ സംവിധാനം ചെയ്ത വേമ്പനാട് നല്ല സിനിമയായിരുന്നു. ജയഭാരതി, മഹേഷ്, രഞ്ജിനി, അസീസ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അശ്വിനി കൗളും സംഗീതം ലൂയീ ബാങ്ക്‌സ്, എഡിറ്റിംഗ് രേണു സലൂജയുമായിരുന്നു നിര്‍വഹിച്ചത്. വേമ്പനാട് കായലിന്റെ തീരത്തെ മുക്കുവ കുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയായിരുന്നു. ഈ സിനിമ ഇറങ്ങിയ ശേഷമാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചത്. അധ്യാപനത്തിനിടെ ടി. പത്മനാഭന്റെ ഗൗരി എന്ന കഥ അതേ പേരില്‍ സിനിമയാക്കി. പ്രേമചന്ദ്രനും ഡോ. മീനാക്ഷി ശുക്ലയും
പാര്‍വതിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഈ ചിത്രത്തില്‍ എം.ജി. സോമന്‍, ശിവജി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.  പിന്നീട് എം.പി നാരായണ പിള്ളയുടെ പരിണാമം ഏഷ്യാനെറ്റിന് വേണ്ടി സീരിയലാക്കി.

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ ചെയ്ത ഭേരി എന്ന ചിത്രത്തില്‍ വാണിവിശ്വനാഥായിരുന്നു നായിക. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. 2004ല്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി എടുത്ത ഈ സ്‌നേഹതീരത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു. 1992 മുതല്‍ 25 വര്‍ഷക്കാലം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു.
പിന്നീട് ചങ്ങനാശേരി സെന്റ് ജോസഫ് കോളജിലും കുറേക്കാലം അധ്യാപകനായി. ഇപ്പോള്‍ മലയാള സര്‍വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയാണ്.

തകഴിയെ മാധവിക്കുട്ടി ഇന്റര്‍വ്യൂ ചെയ്തു

തകഴിയെ കുറിച്ച് ഡോക്യുമെന്ററി ചെയ്ത ഏകയാളാണ് ശിവപ്രസാദ്. മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ തകഴി ഒരുപാട് ഏകാന്തത അനുഭവിച്ചിരുന്നു. അതെല്ലാം ഡോക്യുമെന്ററിയില്‍ പ്രതിഫലിച്ചുനില്‍ക്കുന്നു. ഓരോ കൃതിയെ കുറിച്ചും എഴുതിയ രീതിയെ കുറിച്ചും വ്യക്തമായി ചോദിച്ച് മനസിലാക്കിയ ശേഷമാണ് അത് തയ്യാറാക്കിയിരിക്കുന്നത്. മാധവിക്കുട്ടി തകഴിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് വലിയൊരു അനുഭവമാണ്. ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന ഈ ഡോക്യുമെന്ററിക്ക് മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
മലയാളത്തിലെ രണ്ട് വലിയ എഴുത്തുകാരുടെ സംഭാഷണം ഏക്കാലവും സൂക്ഷിച്ചു
വയ്‌ക്കേണ്ട അപൂര്‍വ ശേഖരമാണ്. എന്തുകൊണ്ടും ഈ ഡോക്യുമെന്ററിക്ക് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന പേര് തികച്ചും അന്വര്‍ത്ഥമാണ്‌.
മാധവിക്കുട്ടി മാത്രമല്ല മലയാളത്തില പ്രമുഖരായ എഴുത്തുകാരെല്ലാം തകഴിയെയും അദ്ദേഹത്തിന്റെ കൃതിയകളെയും കുറിച്ച് വ്യക്തമാക്കുന്നുണ്ട്. തകഴിയുടെ കൃതികള്‍ ജപ്പാനിലേക്ക് പരിഭാഷപ്പെടുത്തിയ തക്കാക്കൊ മുള്ളൂരും തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഈ ഡോക്യുമെന്ററിയില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിജിറ്റല്‍ വന്നതോടെ ചെലവും കുറഞ്ഞു ക്വാളിറ്റിയും കൂടി

ഫിലിമില്‍ നിന്ന് ഡിജിറ്റലിലേക്ക് സിനിമ മാറിയതോടെ ചെലവ് കുറഞ്ഞു, അതേ സമയം ക്വാളിറ്റി കൂടിയെന്ന് ശിവപ്രസാദ് പറഞ്ഞു. ആര്‍ക്കും സിനിമ എടുക്കാമെന്നായി. അത് സ്വാഗതാര്‍ഹമാണ്. പണ്ട് ഒരു ശ്രേണിയില്‍ പെട്ടവര്‍ക്ക് മാത്രമേ സിനിമ എടുക്കാന്‍ കഴിഞ്ഞിരുന്നുള്ളു. വിതരണക്കാരില്ലാതെ തന്നെ സിനിമ തിയേറ്ററുകളിലെത്തിക്കാമെന്ന സ്ഥിതിയായി. കേരളത്തില്‍ തന്നെ നല്ല സ്റ്റുഡിയോകള്‍ വന്നു. ഇപ്പോള്‍ മൊബൈല്‍ സ്റ്റുഡിയോകള്‍ വരെയായി. ഇതിലൂടെ നിര്‍മാണച്ചെലവും സമയവും ലാഭിക്കാം.

ന്യൂജന്‍കാര്‍ സിനിമയുടെ ഗ്രാമര്‍ പഠിക്കണം

ന്യൂജന്‍ സിനിമാക്കാര്‍ നല്ല ചിത്രങ്ങള്‍ എടുക്കുന്നുണ്ട്. എന്നാല്‍ തങ്ങളെടുക്കുന്നതെല്ലാം ജനം കാണുമെന്ന ധാരണ ശരിയല്ല. സിനിമയ്ക്ക് ഒരു ഗ്രാമറുണ്ട്. അത് പഠിച്ച് വേണം സിനിമ ചെയ്യാന്‍. ഭാഷയിലുള്ളത് പോലെ ദൃശ്യഭാഷയ്ക്കും ഗ്രാമറുണ്ട്. ഇന്നലെ ഞാന്‍ ചോറുണ്ണും എന്ന് ആരും പറയാറില്ലല്ലോ. അതു പോലെ ദൃശ്യഭാഷയില്‍ പറയരുതാത്ത കാര്യങ്ങളുണ്ട്. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ മഹത്താസ ചിത്രങ്ങള്‍ വരുന്നില്ല. താനുള്‍പ്പെടെ പലരും അതിനുള്ള ശ്രമത്തിലാണെന്നും ശിവപ്രസാദ് പറഞ്ഞു.

കൊറിയന്‍ സിനിമയിലെ പ്രശ്‌നം

കൊറിയന്‍ സിനിമകള്‍ എല്ലാത്തരത്തിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അതില്‍ പലപ്പോഴും കാണിക്കുന്ന സദാചാര മൂല്യങ്ങള്‍ പലപ്പോഴും നമുക്ക് ഉള്‍ക്കൊള്ളാനാവില്ല. കിംകി ഡ്യൂക്കിനെ പോലുള്ളവരുടെ സിനിമകളില്‍ അത് കാണാം. ഫെസ്റ്റിവലുകളില്‍ അത്തരം സിനിമകള്‍ കാണിക്കുന്നതില്‍ തെറ്റില്ല. അവിടുത്തെ സംസ്‌കാരം, ജീവിത രീതി ഒക്കെ മനസിലാക്കാം. ശരിക്കും പറഞ്ഞാല്‍ ഒരു കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചാണത്. ലോകത്ത് നടക്കുന്ന മാറ്റങ്ങളറിയാന്‍ പുതിയ സിനിമകള്‍ കണ്ടാല്‍ മതി.

കടമറ്റത്ത് കത്തനാരും പുലിമുരുകനും

പണ്ട് കടമറ്റത്ത് കത്തനാര്‍ എന്ന നാടകം നാടകത്തിനപ്പുറം ഒരു വിസ്മയമായിരുന്നു, സര്‍ക്കസ് പോലെ. നടകത്തിനിടെ കാര്‍ വരും അങ്ങനെ പലതും അതിലുണ്ടായിരുന്നു. യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഇല്ലതിന്. പുലിമുരുകന്‍ പോലുള്ള വാണിജ്യ സിനിമകള്‍ അത്തരത്തിലുള്ള സര്‍ക്കസാണ്. ഇതൊക്കെ ഇത്ര വലിയ ആഘോഷമാകുമ്പോള്‍ വ്യാകുലതയാണ് ഉണ്ടാകുന്നത്. ഇത്തരം പ്രദര്‍ശനങ്ങളെ സിനിമ എന്ന് വിളിക്കാതെ അത്ഭുത പ്രദര്‍ശനം എന്ന് വിളിക്കുന്നത് നന്നായിരിക്കും.

പരിസ്ഥിക്ക് വേണ്ടിയും സിനിമ

പരിസ്ഥിതിക്ക് വേണ്ടിയും സിനിമ ചെയ്യാം. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടനെ കേന്ദ്രകഥാപാത്രമാക്കി സ്ഥലം എന്ന സിനിമ ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം നടത്തേണ്ട കാലം വൈകി. നമ്മളീ ഭൂമിയിലെ താല്‍ക്കാലിക വാസക്കാര്‍ മാത്രമാണ്. ഇവിടെയുള്ളതെല്ലാം അതുപോലെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. അത് മറക്കരുത്. അതാണ് ഓരോ മനുഷ്യന്റെയും ധര്‍മം.