അമ്മായിയമ്മ പോര്; യുവതി തൂങ്ങിമരിച്ചു

പാറശാല: അമ്മായിയമ്മയുടെ മാനസിക പീഡനം സഹിക്കാതെ ആത്മഹ്യയ്ക്ക് ശ്രമിച്ച യുവതി ആസ്പത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ ചാരുവിള സന്ധ്യാഭവനില്‍ രാജീവിന്റെ ഭാര്യ ആര്‍.ജി രാഖിയാണ് മരിച്ചത്. രാജീവിന്റെ അമ്മ ശ്യാമളകുമാരി രാഖിയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇത്സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു. രാജീവ് പട്ടാളത്തിലാണ്. ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഇക്കാര്യം പലതവണ രാഖി പറഞ്ഞെങ്കിലും അമ്മ പറയുന്നതിനപ്പുറം രാജീവ് കേള്‍ക്കില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

പൂവാര്‍ കരിങ്കുളം പാകിണര്‍ വീട്ടില്‍ രാജന്‍-ഗീത ദമ്പതികളുടെ മകളായ രാഖിയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമേ ആയുള്ളൂ. 80 പവനും വസ്തുവകകളും സ്ത്രീധനം നല്‍കിയിരുന്നു. വിവാഹ ശേഷം രാജീവ് ജോലിക്ക് പോയതോടെയാണ് അമ്മായിയമ്മ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും ഇക്കാര്യം സ്വന്തം വീട്ടുകാരോട് രാഖി പറഞ്ഞില്ല. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ ജോലിയൊന്നും ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരിടത്ത് കുത്തിയിരിക്കാന്‍ ശ്യാമളകുമാരി സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് വയറുവേദനയുണ്ടായി. ആസ്പത്രിയില്‍ കൊണ്ടു പോകാന്‍ രാഖിയുടെ വീട്ടുകാരെ അവര്‍ വിളിച്ചറിയിച്ചു. അവരെത്തി ഓട്ടോയില്‍ ആസ്പത്രിയില്‍ കൊണ്ടുപോകും വഴി ഗര്‍ഭം അലസിപ്പോയി. അതിന്റെ വിഷമം ഏറെനാളായി അലട്ടിയിരുന്നെന്ന് ബന്ധു അജിത് പറഞ്ഞു.

ഒരു മാസം മുമ്പ് അജിത് അവധിക്ക് വന്നപ്പോള്‍ ശ്യാമളകുമാരി രാഖിയുടെ മാതാപിതാക്കളെ വിളിച്ച് വരുത്തി. നിങ്ങടെ മകളെ ഇവിടെ വേണ്ടെന്നും കൊണ്ടുപോകണമെന്നും പറഞ്ഞു. ഈ സമയം രാജീവ് വീട്ടിലില്ലായിരുന്നെന്നും അജിത് പറഞ്ഞു. രാഖിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് മകളോട് എങ്ങനെയും പൊരുത്തപ്പെട്ട് പോകാന്‍ നിര്‍ദ്ദേശിച്ച് അവര്‍ മടങ്ങി. എന്നാല്‍ രാഖി കഴിഞ്ഞ തിങ്കളാഴ്ച ഭര്‍തൃവീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങി. തുടര്‍ന്ന് പാറശാല ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. പോകുംവഴി ബോധം പോയതിനെ തുടര്‍ന്ന് നിംസില്‍ പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്നു. ബുധനാഴ്ച രാവിലെ മരിച്ചു.