മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രീംകോടതി

മുത്തലാഖ്, ചടങ്ങുകല്യാണം (നിക്കാഹ് ഹലാല) എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് മുമ്പാകെ രണ്ടാം ദിവസവും വാദം തുടരുന്നു. മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച സുപ്രീംകോടതി മുത്തലാഖ് നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് അഭിപ്രായപ്പെട്ടു. മുത്തലാഖില്‍ ഉഭയകക്ഷി സമ്മതമില്ല. എതിര്‍ക്കേണ്ട വിഷയമെങ്കിലും വ്യക്തിനിയമപ്രകാരം നിലനില്‍ക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ വ്യക്തമാക്കി .

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് തന്റെ വ്യക്തിപരമായ അഭിപ്രായം സുപീംകോടതിയെ അറിയിച്ചു. മുത്തലാഖ് പാപമാണെന്നാണ് ഖുര്‍ഷിദ് കോടതിയില്‍ അഭിപ്രായപ്പെട്ടത്. പാപമായ ഒരു സമ്പ്രദായത്തെ ശരീഅത്ത് നിയമമായി കണക്കാക്കാന്‍ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ചോദിച്ചു. ദൈവത്തിന്റെ കണ്ണില്‍ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

മറ്റു രാജ്യങ്ങള്‍ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയില്‍ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു. മുസ് ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ്‌ലിം സമുദായത്തില്‍ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചതെന്നും സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശി ഷയറ ബാനു സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, യു.യു. ലളിത്, രോഹിങ്ടണ്‍ നരിമാന്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അടക്കമുള്ള കേസിലെ കക്ഷികള്‍ക്കായി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി, അഭിഭാഷകരായ ബാലാജി ശ്രീനിവാസന്‍, മുകേഷ് ജെയിന്‍, മൃദുല റായ് ഭരദ്വാജ്, ഇജാസ് മഖ്ബൂല്‍, വജീഹ് ഷഫീഖ് എന്നിവരാണ് കോടതിയില്‍ ഹാജരാകുന്നത്.