പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഏക്കറുകണക്കിന് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി റിപ്പോര്‍ട്ട്

ഒരുകിലോ വീതം ഭാരമുള്ള 1180 സ്വര്‍ണ്ണക്കുടങ്ങളില്‍ ഇപ്പോഴുള്ള 397 സ്വര്‍ണ്ണക്കുടങ്ങള്‍ മാത്രം

 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഏക്കറു കണക്കിനു സ്ഥലം സ്വകാര്യ വ്യക്തികളും, സംഘടനകളും േൈകയ്യറിയതായി കണ്ടെത്തി. ഇതു സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് സുപ്രീകോടതിയില്‍ സമര്‍പ്പിച്ചു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്‍ പ്രകാരം 5.72 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിന്റേതായി രേഖകളില്‍ ഉള്ളത്. ഇതില്‍ പാഞ്ചജന്യം കല്യാണമണ്ഡപം 1.82 ഏക്കറിലാണെന്ന് രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരിശോധനയില്‍ 67 സെന്റ് ഭൂമി മാത്രമെ കണ്ടെത്താനായത്. ബാക്കിയുള്ള 1.15 ഏക്കര്‍ ഭൂമി േൈകയ്യറിയതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയെ കുറിച്ച് കൂടുതല്‍ പരിശോധന ആവശ്യമാണെന്നും, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സമിതി ക്ഷേത്രത്തിന്റെ ഭൂമി േൈകയ്യറിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന പറഞ്ഞ അമിക്കസ് ക്യൂറി ഈ അനധികൃത കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിച്ച് ക്ഷേത്രഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യം കൂടി രേഖാമൂലം സുപ്രീം കോടതിയില്‍ മുമ്പാകെ വെച്ചു.

ഇതു പോലെ, പത്മനാഭ ക്ഷേത്രത്തില്‍ നിന്ന് 776 കിലോ തൂക്കം വരുന്ന 783 സ്വര്‍ണക്കുടങ്ങള്‍ കാണാതായതായി സ്പെഷ്യല്‍ ഓഡിറ്ററായ മുന്‍ സി.എ.ജി വിനോദ് റായിയുടെ വിദഗ്ദ സമിതി കണ്ടെത്തി. ഇവയ്ക്ക് ഇന്നത്തെ സ്വര്‍ണ്ണ വിലയനുസരിച്ച് ഏതാണ്ട് 186 കോടി രൂപ വരുമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതി മുന്‍പാകെ ബോധിപ്പിച്ചു.

പത്മനാഭ ക്ഷേത്രത്തിലെ പാരമ്പര്യ രേഖകളില്‍ രേഖപ്പെടുത്തിയ കണക്കനുസരിച്ച് നിലവറയ്ക്കുള്ളില്‍ നമ്പറിട്ട് സൂക്ഷിക്കുന്ന 2002 സ്വര്‍ണ്ണ കുടങ്ങള്‍ ഉണ്ടെന്നാണ്. ഒരു സ്വര്‍ണ്ണ കുടത്തിന്റെ തൂക്കം ഏകദേശം ഒരു കിലോയോളം വരും. ഈ 2002 കുടങ്ങളില്‍ നിന്ന് ക്ഷേത്രത്തിലെ ആഭരണ നിര്‍മ്മാണത്തിനായി 822 സ്വര്‍ണ്ണ കുടങ്ങള്‍ ഉരുക്കിയിരുന്നു. ബാക്കി ക്ഷേത്ര നിലവറയില്‍ കാണേണ്ടത് 1180 സ്വര്‍ണ്ണ കുടങ്ങളാണ്. എന്നാല്‍ സുപ്രീംകോടതി നിയോഗിച്ച സ്പെഷ്യല്‍ ഓഡിറ്ററായ മുന്‍ സി.എ.ജി വിനോദ് റായിയുടെ സമിതി നടത്തിയ പരിശോധനയില്‍ 397 സ്വര്‍ണ്ണ കുടങ്ങള്‍ മാത്രമെ കണ്ടെത്താനായത്. 783 സ്വര്‍ണ്ണ കുടങ്ങള്‍ നഷ്ടമായതായി കണ്ടെത്തി.

സി.ബി.ഐ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) നഷ്ടപ്പെട്ട ഈ സ്വര്‍ണ്ണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇന്നലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്റെ ബെഞ്ച് കേസ് പരിഗണിക്കവേയാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്.

ക്ഷേത്രത്തിലെ ‘ബി’ നിലവറ 1990നും 2002 നുമിടയില്‍ ഏഴ് തവണ തുറന്നിട്ടുണ്ടെന്നും, അതിനാല്‍ ഇക്കാര്യത്തില്‍ വിശ്വാസത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും, ‘ബി’ നിലവറ തുറക്കുന്നതിന് തന്ത്രിമാരുടെയും, കാണിപ്പയൂര്‍ നമ്പൂതിരിപ്പാടിന്റെയും അഭിപ്രായം തേടാമെന്നുമുള്ള അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം സുപ്രീം കോടതി തള്ളി. ‘ബി’ നിലവറ തത്കാലം തുറക്കേണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം, ഏകപക്ഷീയമായും പക്ഷപാതപരമായും പെരുമാറുന്ന ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷിനെ പുറത്താക്കണമെന്ന രാജകുടുംബത്തിന്റെയും, ക്ഷേത്ര ട്രസ്റ്റിന്റെയും ആവശ്യവും സുപ്രീം കോടതി തള്ളി. സതീഷ് ഭരണസമിതിയെ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. എക്‌സിക്യൂട്ടിവ് ഓഫീസറുടെ ചുമതലകള്‍ വ്യക്തമാക്കി കൊണ്ടുള്ള ഒരു ഉത്തരവിറക്കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി ഈ ആവശ്യത്തിന്‍മേല്‍ ഒരു ഉത്തരവും പുറപ്പെടുവിച്ചില്ല.

ക്ഷേത്രത്തിന്റെ ഭാഗമായ ‘പത്മതീര്‍ത്ഥം’ ‘മിത്രാനന്ദ കുളം’ എന്നിവ നവീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തല്‍ക്കുളങ്ങള്‍ പോലെ ആക്കരുതെന്ന് കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിര്‍ദ്ദേശിച്ചു. ആചാരങ്ങളും പഴമയും നിലനിറുത്തി കൊണ്ടുള്ള നവീകരണം പ്രവര്‍ത്തി മാത്രമെ നടത്താവൂ എന്ന് നിര്‍ദ്ദേശവും നല്‍കി. ജില്ലാ ഭരണകൂടം പത്മതീര്‍ത്ഥം കരയിലെ കല്‍മണ്ഡപങ്ങള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.

കുളങ്ങളുടെ നവീകരണം സംബന്ധിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചില്ല. ശ്രീകോവിലിന്റെ അറ്റകുറ്റപ്പണിക്കും, ‘പത്മതീര്‍ത്ഥം’ ‘മിത്രാനന്ദ കുളം’ എന്നിവയുടെ നവീകരണത്തിനും വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അമിക്കസ് ക്യൂറിയും, രാജകുടുംബത്തിലെ പ്രതിനിധികളും, ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ ക്ഷേത്ര ഭരണസമിതിയും ചര്‍ച്ച ചെയ്ത് വിദഗ്ദ്ധരുടെ പേരുകള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.