‘ഷെര്‍ലോക് ടോംസ് ‘ആയി ബിജുമേനോന്‍, ഷാഫി ചിത്രം അങ്കമാലിയില്‍ തുടങ്ങി

ഒരു മുഴുനീള ഹാസ്യചിത്രവുമായി ഷാഫി വീണ്ടും വരികയാണ്. ഷെര്‍ലോക് ടോംസെന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞയാഴ്ച അതിന്റെ ചിത്രീകരണം അങ്കമാലിയില്‍ തുടങ്ങി.

ഷെര്‍ലോക് ഹോംസിന്റെ നോവലുകള്‍ നിരന്തരം വായിച്ച്, ഒരന്വേഷണകനാകാന്‍ കൊതിച്ച്, അതിനുവേണ്ടി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതി, ഒടുവില്‍ ഐ.ആര്‍.എസ് കിട്ടി, ഗവണ്‍മെന്റ് സര്‍വ്വീസില്‍ തുടരവേ അപ്രതീക്ഷിതമായി കടന്നെത്തുന്ന ചില സംഭവങ്ങള്‍ തോമസിന്റെ ജീവിതത്തെതന്നെ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തോമസ് എന്ന ഷെര്‍ലോക് ടോംസിനെ അവതരിപ്പിക്കുന്നത് ബിജുമേനോനാണ്.

ബിജുവിന്റെ ഔട്ട് ആന്റ് ഔട്ട് ഹ്യൂമര്‍ കഥാപാത്രം കൂടിയാണ് ചിത്രത്തിലേത്. സച്ചിയാണ് ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നതെങ്കിലും സഹായിയായി ഷാഫിയുമുണ്ട്.

ശ്രിണ്ഡ, മിയ ജോര്‍ജ്ജ്, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, വിജയരാഘവന്‍, റാഫി, കോട്ടയം നസീര്‍, ഷാജോണ്‍, ഹരീഷ് കരുണാകരാണ് മറ്റ് താരങ്ങള്‍. പത്തുദിവസം കൊണ്ട് ആയിരം കോടി ക്ലബ്ബിലെത്തിയ ഇന്ത്യയിലെ ആദ്യചിത്രമായ ബാഹുബലി 2 വിന്റെ കേരളത്തിലെ വിതരണക്കാര്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ഷെര്‍ലോക് ടോംസ് നിര്‍മ്മിക്കുന്നത്.