സിപിഎം കുടുങ്ങും!! മൂന്നുപേര്‍ കസ്റ്റഡിയില്‍; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിലായി. കസ്റ്റഡിയിലായ ഒരാള്‍ അക്രമി സംഘവുമായി ബന്ധമുള്ള ആളാണ്. രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

അക്രമികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

വെള്ളിയാഴ്ചയാണ് ആര്‍എസ്എസ് പ്രകവര്‍ത്തകനായ ചൂരക്കാട്ട് ബിജുവെട്ടേറ്റ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു മടങ്ങവെയാണ് ആക്രമണമുണ്ടായത്. പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കില്‍ വരുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തു വച്ചു യുവാവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ശനിയാഴ്ച രാത്രി കണ്ടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കാറുടമയായ രാമന്തളി സ്വദേശി ബിനോയിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതിനായി വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് സിപിഎമ്മുമായി ബന്ധമില്ല.

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. അക്രമി സംഘത്തിലെ ഒരാളും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. രാമന്തളി സ്വദേശിയായ റിനീഷിന്റെ നേതൃത്വത്തിലെ സംഘമാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നാണ് സൂചനകള്‍. പല കേസുകളിലും പ്രതിയാണ് റിനീഷ്.

നിതിന്‍ എന്ന ഇടനിലക്കാരന്‍ വഴി ജിജേഷ് എന്നയാളാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ബിജുവിന്റെ സുഹൃത്ത് രാജേഷിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന ഏഴു പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

രാജേഷ് ഒഴികെ സംഭവത്തില്‍ ദൃക്‌സാക്ഷികളായ ആരും മൊഴി നല്‍കാത്തതിനാല്‍, മൊബൈല്‍ ടവറും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുപ്പതിലധികം വരുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ സംഘര്‍ഷങ്ങള്‍ നടന്ന പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്. 2016 മേയ് മുതല്‍ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

പയ്യന്നൂര്‍ ധന്‍രാജ് വധക്കേസിലെ പ്രതികാരത്തിന്റെ ഭാഗമായിട്ടാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് സൂചനകള്‍. ധന്‍രാജ് വധക്കേസുമായി ബന്ധമുള്ള ആളാണ് ബിജു. നേരത്തെ ധന്‍രാജിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ധന്‍രാജ് വധവുമായി ബന്ധമുണ്ടായിരുന്നില്ല.