ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല; ബാലശങ്കറെ തള്ളി കെ. സുരേന്ദ്രന്‍

    കോന്നി: ബി.ജെ.പി. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ആര്‍.എസ്.എസ്. സൈദ്ധാന്തികനും ഓര്‍ഗൈനസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കറെ തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബലശങ്കര്‍ പറഞ്ഞ കാര്യം മറുപടി അര്‍ഹിക്കുന്നതല്ലെന്ന് അദ്ദേഹം കോന്നിയില്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമുമായുള്ള അഭിമുഖത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ബാലശങ്കര്‍ നടത്തിയ രൂക്ഷ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

    ബാലശങ്കര്‍ മത്സരിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ചുപോലും എനിക്കറിയില്ല. അദ്ദേഹം പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഒരുതരത്തിലുള്ള മറുപടിയും അര്‍ഹിക്കുന്നതല്ല, സുരേന്ദ്രന്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപിയുടെ സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമായായിരുന്നു എന്ന് ബാലശങ്കര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചിരുന്നു.

    കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ബാലശങ്കര്‍ അഭിമുഖത്തില്‍ ഉന്നയിച്ചിരുന്നത്. ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണ്. സി.പി.എമ്മും ബി.ജെ.പിയുമായിട്ടുള്ള ഒരു ഡീല്‍ ഇതിനു പിന്നിലുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയില്‍ എന്നതായിരിക്കാം ഡീല്‍. ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കര്‍ പറഞ്ഞിരുന്നു.