വിശപ്പു സഹിക്കാനായില്ല, ഹെലികോപ്റ്ററുമായി മക്‌ഡൊണാള്‍ഡില്‍ എത്തിയ മധ്യവയസ്‌കന്‍

വിശപ്പ് അടക്കിനിര്‍ത്തുക എന്നത് വളരെ പ്രയാസകരമാണ്.  പിന്നെ എവിടെയാണെന്നൊന്നും ചിന്തിക്കാന്‍ നേരമുണ്ടാകില്ല. എങ്ങിനെയും വിശപ്പടക്കുക. അതിനായി ഹെലികോപ്റ്റര്‍ പിടിച്ചും വരും ഭക്ഷണം കഴിക്കാന്‍ എന്നാണ് ഓസ്ട്രേലിയയില്‍ നടന്ന ഒരു സംഭവം തെളിയിക്കുന്നത്.

അടിയന്തര ആവശ്യമായതിനാലാണ് ഹെലികോപ്റ്റര്‍ താഴെ ഇറക്കിയതെന്ന് കരുതിയ റസ്‌റ്റോറന്റ് അധികൃതരേയും ജീവനക്കാരേയും അമ്പരപ്പിലാക്കി പൈലറ്റ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വാങ്ങി കൊണ്ടുപോവുകയാണുണ്ടായത്. ഭക്ഷണം വാങ്ങിയ ശേഷം റസ്‌റ്റോറന്റിലെ ലോണില്‍ നില്‍ക്കുന്ന തന്റെ ഹെലികോപ്റ്ററിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്താനും പൈലറ്റ് മറന്നില്ല.

ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതും ഭക്ഷണം വാങ്ങിയ ശേഷം പറന്നുയരുന്നതുമായ മൊബൈല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

റസ്റ്ററോന്റ് അധികൃതരോട് അനുവാദം വാങ്ങിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതെങ്കില്‍ അതില്‍  നിയമപരമായി തെറ്റില്ലെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലുള്ള ലാന്‍ഡിങ് സുരക്ഷിതമല്ലെന്നും ഹെലികോപ്റ്ററിന്റെ ലാന്‍ഡിങ്ങും ടേക് ഓഫും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ അറിയിച്ചു.