ജിഷ്ണുവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

ജിഷ്ണു കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡി.ജി.പി ഓഫീസിന് മുന്നില്‍ അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസിനാണ് പരാതി നല്‍കിയത്. ജിഷ്ണു വിഷയം കമ്മീഷന്‍റെ പരിഗണനയിലാണെന്നും പൊലീസിനെതിരെയുള്ള പരാതി പരിശോധിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. കോഴിക്കോട് പോലീസ് ക്ലബ്ബില്‍ മനുഷ്യാവകാശ സംഘടനയുടെ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസിന് ജിഷ്ണുവിന്‍റെ പിതാവ് അശോകനും സഹോദരി അവിഷ്ണയും പരാതി നല്‍കിയത്. ജിഷ്ണുവിന്‍റെ മരണത്തിനുത്തരവാദികള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കേസ് അട്ടിമറിക്കാന്‍ തുടക്കത്തില്‍ ശ്രമം നടത്തിയതും ഡി.ജി.പിക്ക് പരാതി നല്‍കാനെത്തിയ ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെ അതിക്രമം കാണിച്ചതുമായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. ജിഷ്ണു വിഷയം നിലവില്‍ കമ്മീഷന്‍റെ പരിഗണനയിലാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. മനുഷ്യാവകാശ ലംഘനം അനുവദിക്കില്ലെന്നും പോലീസിനെതിരെയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കും.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതെന്ന് ജിഷ്ണുവിന്‍റെ പിതാവ് അശോകന്‍ പറഞ്ഞു. ജിഷ്ണു വിഷയത്തില്‍ കോളജ് അധികൃതരും പോലീസുമുള്‍പ്പെടെയുള്ളവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാനുള്ള പോരാട്ടത്തിനൊപ്പം നില്‍ക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ മോഹന്‍ദാസ് വ്യക്തമാക്കി.