നിയമവകുപ്പിനെ സ്വാധീനിക്കാന്‍ നാരായണന്‍ നായര്‍ സെക്രട്ടേറിയറ്റിലെത്തി

നാരായണന്‍ നായര്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് കൈവശംവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം അട്ടിമറിക്കാന്‍ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായര്‍ നിയമ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കാന്‍ സെക്രട്ടേറിയറ്റിലെത്തി. വ്യാഴാഴ്ചയാണ് നാരായണന്‍ നായര്‍ സെക്രട്ടേറിയറ്റിലെ നിയമവകുപ്പിലെത്തിയത്. വകുപ്പിലെ താഴെത്തട്ടുമുതല്‍ ഉന്നതതലം വരെയുള്ള ഉദ്യോഗസ്ഥരില്‍ ഏറിയപങ്കും അക്കാദമിയിലെ പൂര്‍വവിദ്യാര്‍ഥികളോ നാരായണന്‍ നായരുടെ പരിചയക്കാരോ ആണ്.

സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം സജീവമാക്കിയ പശ്ചത്താലത്തില്‍ ട്രസ്റ്റിന്റെ പേരില്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തറിയാതിരിക്കാനും നിയമവകുപ്പിന്റെ സാഹായം അഭ്യര്‍ഥിക്കാനുമാണ് നാരായണന്‍ നായര്‍ നേരിട്ടെത്തിയതെന്നറിയുന്നു.

സര്‍ക്കാരിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ട്രസ്റ്റിനെ അട്ടിമറിച്ച് അക്കാദമിയെ കുടുംബസ്വത്താക്കി മാറ്റിയത് സംബന്ധിച്ച് തെളിവുകള്‍ പുറത്തായ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മറന്ന് നാരായണന്‍ നായര്‍ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്.

യു.ജി.സി മാനദണ്ഡപ്രകാരം കോളജിന്റെ പ്രവര്‍ത്തനത്തിന് 12 ഏക്കര്‍ വേണമെന്ന് തെറ്റദ്ധരിപ്പിച്ചാണ് സര്‍ക്കിരില്‍ നിന്ന് ഭൂമി പതിച്ചുവാങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ശേഷം ഈ ഭൂമിയില്‍ ബഹുനില മന്ദിരങ്ങളുണ്ടാക്കി വാടകയ്ക്ക് നല്‍കി നാരായണന്‍ നായരും കുടുംബവും പണം സമ്പാദിക്കുകയായിരുന്നു. ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സെന്ന പേരില്‍ നാരായണന്‍ നായരും സഹോദരനും സി.പി.എം നേതാവുമായ കോലിയക്കോട് കൃഷ്ണനായരും കുടുംബസമേതം അക്കാദമി ഭൂമിയില്‍ വീട് വച്ച് സ്ഥിരതാമസമാകുകയും ചെയ്തു. സെലിബ്രിറ്റി ഷെഫും അക്കാദമി പ്രിന്‍സിപ്പലുമായിരുന്ന ലക്ഷ്മി നായര്‍ അക്കാദമി ഭൂമിയില്‍ ഹോട്ടല്‍ ആരംഭിച്ചതും വിവാദമായി.

 

ഇതിനിടെ അക്കാദമി കുടുംബസ്വത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളെ ട്രസ്റ്റില്‍നിന്ന് പുറത്താക്കയ നാരായണന്‍ നായര്‍തന്റെ കുടുംബാംഗങ്ങളെ തിരുകിക്കയറ്റിയെന്ന വാര്‍ത്ത പുറത്തുവന്നു. 2014-ല്‍ നിയമാവലി ഭേദഗതി ചെയ്തതായി രേഖയുണ്ടാക്കിയാണ് സര്‍ക്കാര്‍ പ്രതിനിധികളെ പുറത്താക്കിയത്. 51 അംഗ സമിതി 21 ആയി കുറച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗസംഖ്യ 15-നിന്ന് ഒമ്പതാക്കി. ഭരണസമിതിയുടെ കാലാവധി രണ്ടുവര്‍ഷമാണെങ്കിലും പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന വ്യവസ്ഥയും പരിഷ്‌കരിച്ച നിയമാവലിയിലുണ്ട്. നിലവിലുള്ള ഭരണസമിതിക്ക് ആയുഷ്‌കാലം തുടരാമെന്ന വിചിത്രമായ വകുപ്പും എഴുതിച്ചേര്‍ത്തു.

 

വിദ്യാര്‍ഥി സമരം അവസാനിച്ചെങ്കിലും അക്കാദമിക്കെതിരെ ഉയര്‍ന്ന ചട്ടലംഘനങ്ങളും നിയലംഘനങ്ങളും അന്വേഷിച്ച് നടപടിയെടുക്കുമെന്ന സി.പി.ഐയുടെ നിലപാടാണ് ഇപ്പോള്‍ നാരായണന്‍ നായരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും അക്കാദമിക്ക് ഒപ്പമുണ്ടെങ്കിലും തട്ടിപ്പുകള്‍ പുറത്തായതും പൊതുജനം എതിരായതും തരിച്ചടിയായി. ഇതിനിടെ അധികഭൂമി ഏറ്റെടുക്കണമെന്നും നിയമലംഘനങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതും സ്ഥിതിഗതികള്‍ ഗുരുതരമാക്കി. ഈ പശ്ചാത്തലത്തിലാണ് ശിഷ്യഗണങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ നാരായണന്‍നായര്‍ നേരിട്ടിറങ്ങിയിരിക്കുന്നത്.