രക്ഷാകർത്താവിന്റെ പേര് “കൂലി” രജിസ്റ്ററുകളിൽ പകരം വാക്കു വരുമോ?

മാറ്റണമെന്ന് അധ്യാപികയും വിദ്യാർത്ഥികളും   

– അനിൽ പെണ്ണുക്കര –
കുറെ കാലങ്ങൾ പുറകെ പോകാം .സ്‌കൂളിൽ കുട്ടികളെ ചേർക്കുന്ന സമയത്ത് രജിസ്റ്ററിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളിൽ രക്ഷിതാവിന്റെ ജോലി എന്ന ഭാഗത്തിൽ കൂലി എന്ന് ചേർക്കുമായിരുന്നു.ഇന്നും ഒരു പരിധി വരെ അത് തുടരുന്നു .എന്നാൽ കൂലി എന്നത് മാറ്റി പുതിയ പേര് നല്കാൻ കേരളാ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകാൻ തയാറാകുകയാണ് തൃശൂർ  തൃശ്ശൂർ മോഡൽ ബോയ്സ് സ്കൂളിലെ അദ്ധ്യാപിക ബിലു പദ്മിനി  നാരായണൻ . ഇതിനു ഈ അദ്ധ്യാപികയെ  പ്രേരിപ്പിച്ച ഘടകം സ്കൂളിന്റെ 175 -മത് വർഷത്തോട് അടുപ്പിച്ച് ഇറക്കിയ സോവനീറിനു വേണ്ടി ചില രേഖകൾ കണ്ടെടുത്തപ്പോൾ കിട്ടിയ വിവരങ്ങൾ ആണ് . കിട്ടിയതിൽ ഏറ്റവും പഴക്കമുള്ളതിന്റെ വർഷം 1897.
വിദ്യാർഥിയുടെ പേര്,സി.വേലായുധൻ.പ്രവേശനതീയതി -28/10/1107.(1932)
ജാതി ഹിന്ദു-ഡി.സി,രക്ഷിതാവിന്റെ തൊഴിൽ ,കൂലി.
ഇപ്പോഴത്തെ വിഷയം മുൻപു കാണിച്ച “കൂലി“ എന്ന വാക്കാണ്. ഈ വർഷവും സ്കൂൾ രജിസ്റ്ററിൽ ഒരു പക്ഷേ കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലും എത്രയോ രക്ഷിതാക്കളുടെ പേരിനു നേരെ നമ്മൾ എഴുതിയ വാക്ക്.സ്കൂളിലെ വർത്തമാനം ചർച്ചാവേദിയിൽ കുട്ടികളുമായി ഈ കാര്യം ചർച്ച ചെയതപ്പോൾ അവരുടെ പ്രതികരണത്തിൽ നിന്ന് ഈ വാക്കു മാറ്റി പകരം വാക്കുകൾക്കുള്ള നിർദ്ദേശം വിദ്യാഭ്യാസമന്ത്രിക്കു നൽകുക. അതിനു വേണ്ടിയുള്ള സ്കൂളിലെ എല്ലാവരുടേയും ഒപ്പുശേഖരണവും കഴിഞ്ഞു.ഈ നിവേദനം വിദ്യാഭ്യാസമന്ത്രിക്ക് ഉടൻ നൽകും .
ചെയ്യുന്ന തൊഴിലിനു ലഭിക്കുന്ന പ്രതിഫലം എന്ന അർഥമുള്ള വാക്കാണ് മലയാളത്തിൽ കൂലി..കൊളോണിയൽ കാലഘട്ടത്തിൽ തൊഴിലാളി തന്നെ ആ വാക്കു കൊണ്ട് വിളിക്കപ്പെട്ടതിന്റെ അപമാനകരമായ ഈ തിരുശേഷിപ്പ് ഇന്നും നമ്മുടെ ഭാഷാപ്രയോഗങ്ങളിൽ തുടരുന്നു.റേഷൻ കാർഡിൽ, മറ്റു രജിസ്റ്ററുകളിൽ.വിവിധ തൊഴിൽ, ദിവസവരുമാനത്തൊഴിൽ, കർഷകത്തൊഴിലാളി എന്നിങ്ങനെ പൊതുവിലും പ്രത്യേകമായും ഉള്ള വാക്കുകൾ നമുക്കു പകരം വ്യ്ക്കാനുണ്ട്.ജാതിപരമായ പരോക്ഷസൂചന കൂടി കൂലി എന്ന വാക്കിലുണ്ട്-99 ശതമാനവും ദളിത് വിഭാഗത്തിൽപ്പെട്ടവർ.. പ്രവേശനദിവസം വരിയായി നിൽക്കുന്നവർക്കിടയിൽ ഈ പേര് കോളത്തിൽ എഴുതുന്നതു നോക്കി നിൽക്കുന്ന ഒരു വിദ്യാർഥിയുടെ, അവന്റെ അഛനമ്മമാരുടെ മുഖത്തെ പതുങ്ങലും പകപ്പും തന്നെയാണ് ജീവിതത്തിൽ അവരെ പിന്നീടും പിന്തുടരുന്നത്.
കൂലിപ്പണി ഒരു അപമാനവാക്കല്ല. പക്ഷേ അതു ചെയ്യുന്ന ആളോ പ്രവൃത്തിയോ കൂലിയെന്നല്ല വിളിക്കപ്പെടേണ്ടത്. അത് അപമാനവും അപമാനവീകരണവുമാണ്.
1836 ൽ തുടങ്ങി, 1897 മുതൽ രേഖകൾ ലഭ്യമായ മോഡൽബോയ്സിലെ ആദ്യ ദളിത് വിദ്യാർഥിയാണ് 1932ൽ ചേർന്ന സി.വേലായുധൻ.തുടർന്നുള്ള ദിവസത്തെ പേരുകളിൽ ഇവരും വരുന്നു.1-11-1107—അഡ്മിഷൻ നമ്പർ-
6529—– സി. ചാത്തന്‍ സണ്‍ ഓഫ് എ. ചാക്കന്‍ – കൂലി – ഹിന്ദു ഡി.സി
6530—– ആര്‍. കരുണാകരന്‍ സണ്‍ ഓഫ് രാമന്‍ – കൂലി – ഹിന്ദു ഡി.സി
6531—— വി. കുട്ടപ്പന്‍ സണ്‍ ഓഫ് വേലായുധന്‍ -കൂലി – ഹിന്ദു ഡി.സി
ഇവിടത്തെ ഡി.സി എന്നത് ദളിത് വിഭാഗത്തെ സൂചിപ്പിക്കുന്ന ആദ്യകാല ഇംഗ്ളീഷ് ഔദ്യോഗികവാക്കായ ‘ഡിപ്രസ്സ്ഡ് കാസ്റ്റ് ‘എന്നതിന്റെ ചുരുക്കമാണ്.ജാതിപ്പേർ കുറച്ചു കാലത്തിനു ശേഷം മാത്രമേ ചേർത്തു കാണുന്നുള്ളു.ചെയ്ത വേലയുടെ കൂലി വാങ്ങാൻ കഴിയാത്ത, ചാപ്പ കുത്തി കള്ളനും കള്ളത്തിയുമാവേണ്ട കാലത്ത് ഒരു വാക്കിലെന്തിരിക്കുന്നു .? ഇനിയത്തെ വിചാരവും വികാരവും ആകേണ്ടതെങ്കിൽ ഇങ്ങനെയുള്ള അഴിച്ചുപണികൾക്കും പ്രസക്തിയുണ്ട് എന്ന് ടീച്ചർ വിശ്വസിക്കുന്നു .