ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്ന സുഖോയി വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ മലയാളി

പരിശീലന പറക്കലിനിടെ ചൈനീസ് അതിർത്തിയിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരിലൊരാൾ തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന ലഭിച്ചു.

വിമാനം തകർന്നെങ്കിലും രണ്ട് പൈലറ്റുമാരും രക്ഷപ്പെട്ടതായാണ് വിവരം. അതിർത്തിയ്ക്ക് സമീപം ആസാമിലെ തേസ്‌പൂരിൽ വച്ചാണ് വിമാനം കാണാതായത്. പിന്നീട് സൈന്യം നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അരുണാചൽ അതിർത്തിയിലെ സിഫാ താഴ്‌വരയിൽ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, പൈലറ്റുമാരെ സംബന്ധിച്ച് വിവരമൊന്നും ആദ്യഘട്ടത്തിലെ തെരച്ചിലിൽ ലഭിച്ചിരുന്നില്ല. എന്നാൽ, ഇവർ വിമാനം തകർന്നുവീണതിന് സമീപം ഉൾക്കാട്ടിലുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കനത്ത മഴകാരണം രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും സൂചനയുണ്ട്. എങ്കിലും ഇവരെ എങ്ങനയെും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം.

ഹെലികോപ്ടർ ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. പൈലറ്റുമാരിൽ ഒരാൾ മലയാളിയാണെന്ന വിവരം ഉച്ചയോടെയാണ് പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ അച്ഛനും ബന്ധുക്കളും വിമാനമാർഗ്ഗം അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തകർന്നുവീണ വിമാനത്തിൽ പൈലറ്റും കോ പൈലറ്റുമാണ് ഉണ്ടായിരുന്നത്.

ഇന്നലെ രാവിലെ 9.30ഓടെ പറന്നുയർന്ന വിമാനം അരുണാചൽപ്രദേശിലെ ദൗലാസാംഗ് പ്രദേശത്ത് വച്ച് റേഡിയോ ബന്ധം നഷ്ടമാവുകയും റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയുമായിരുന്നു. 11.30നാണ് വിമാനത്തിൽ നിന്ന് അവസാനമായി സിഗ്നൽ ലഭിച്ചത്. ആസാമിൽ നിന്ന് 60 കിലോമീറ്റർ അകലെ തേസ്‌പൂരിൽ ആയിരുന്നു വിമാനം പറന്നു കൊണ്ടിരുന്നത്.

തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചൽപ്രദേശത്തിലെ കൊടുംവനമേഖലയിലേക്ക് പാഞ്ഞ് നിലംപതിക്കുകയായിരുന്നു.