സി.എ.ജി റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയെ അടിക്കാന്‍ ആയുധമാക്കി സുധീരന്‍

ചിത്രം കടപ്പാട്: ഹാരിസ് കുറ്റിപ്പുറം, മാധ്യമം

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരായ സിഎജി റിപ്പോര്‍ട്ട് ആയുധമാക്കി വിഎം സുധീരന്‍. പാര്‍ട്ടിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കങ്ങള്‍ക്ക് സിഎജി റിപ്പോര്‍ട്ട് സുധീരന്‍ ഉപയോഗിക്കും. അദാനി ഗ്രൂപ്പിന് അറുപതിനായിരം കോടി രൂപ അധിക ലാഭമുണ്ടാക്കി എന്ന സിഎജി റിപ്പോര്‍ട്ട് പുതിയ നിയമ പോരാട്ടങ്ങള്‍ക്കും വഴിവയ്ക്കും.

റിപ്പോര്‍ട്ടിനെക്കറിച്ച് ഇടത് നേതാക്കള്‍ പോലും പ്രതികരിക്കുന്നതിന് മുമ്പ് സുധീരന്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ടത് ബോധപൂര്‍വമാണ്. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് തന്നെ നീക്കാന്‍ അടവുകളെലല്ലാം പയറ്റിയ ഉമ്മന്‍ചാണ്ടിയ്ക്ക് കിട്ടിയ അവസരത്തില്‍ തിരിച്ചടി നല്‍കുകയാണ് സുധീരന്‍.

കരാര്‍ ഒപ്പിടുന്ന സമയത്ത് കെ.പി.സി.സി പ്രസിഡന്റായിരുന്ന സുധീരന്‍ അന്ന് മൗനം പാലിച്ചു. സ്വപ്‌നപദ്ധതിക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാനാണ് അന്ന് മൗനം പാലിച്ചതെന്ന് സുധീരനൊപ്പമുള്ളവര്‍ ഇന്ന് വിശദീകരിക്കുന്നു.
പുതിയ സാഹചര്യത്തില്‍ സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചവേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടേക്കും.

സി.എ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ഒരുവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള നീക്കങ്ങളെ എ ഗ്രൂപ്പ് പ്രതിരോധിക്കുമെങ്കിലും ഐ ഗ്രൂപ്പിന്റെ സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല.

പുതിയ നിയമപോരാട്ടങ്ങള്‍ക്ക് സി.എ.ജി റിപ്പോര്‍ട്ട് വഴിതുറക്കും. രാഷ്ട്രീയകേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച പാമോലിന്‍, ലാവ്‌ലിന്‍ വിവാദങ്ങളുടെ തുടക്കവും സി.എ.ജി റിപ്പോര്‍ട്ടില്‍ നിന്നാണ്.
മുന്‍മുഖ്യമന്ത്രി കെ. കരുണാകരനും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും കേസിന്റെ നൂലാമാലകളില്‍ കുടുങ്ങിക്കിടന്നവരുമാണ്. ഇതേവഴിയേ തന്നെയാണ് വിഴിഞ്ഞം കരാറിന്റെയും പോക്ക്.