മുജാഹിദ് സംഘടനകള്‍ ഒന്നിക്കുന്നു

ഒന്നിക്കുന്നത് 16 വര്‍ഷത്തെ വേര്‍പിരിയലിനുശേഷം; ആദര്‍ശ വിഷയങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത് തീവ്രവാദ ആരോപണങ്ങളെത്തുടര്‍ന്ന്

കോഴിക്കോട്: ടി.പി അബ്ദുല്ലക്കോയ മദനി നയിക്കുന്ന മുജാഹിദ് ഔദ്യോഗികവിഭാഗവും ഹുസൈന്‍ മടവൂര്‍ നയിക്കുന്ന മര്‍കസുദ്ദഅ്വ വിഭാഗവും 16 വര്‍ഷം നീണ്ട ഭിന്നതകള്‍ അവസാനിപ്പിച്ച് ഒന്നിക്കുന്നു. സലഫിപ്രസ്ഥാനമാണ് തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന ആരോപണം ശക്തമാവുകയും പ്രമുഖ പ്രഭാഷകന്‍ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ഒന്നിക്കാനുള്ള നീക്കം ഊര്‍ജ്ജിതമായത്.
കേരളത്തില്‍ 1921 മുതല്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തില്‍ 2002 ലാണു പിളര്‍പ്പുണ്ടായത്. അന്നു യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ നേതാവ് ഹുസൈന്‍ മടവൂര്‍ ഉള്‍പ്പെടെ 20 പേരെ പുറത്താക്കിയതായിരുന്നു കാരണം. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 2012ല്‍ തീവ്രനിലപാടുള്ളവര്‍ ജിന്ന് വിഷയത്തില്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്നു പിരിഞ്ഞ് ഇപ്പോള്‍ ഗ്ലോബല്‍ വിസ്ഡം എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണു വീണ്ടും ഐക്യശ്രമങ്ങള്‍ ആരംഭിച്ചത്.
രണ്ടു സംഘടനകളും മുന്‍ കൈയെടുത്തു തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇരു വിഭാഗങ്ങളില്‍ നിന്നും അഞ്ചു വീതം പണ്ഡിതന്‍മാര്‍ ചേര്‍ന്നുണ്ടാക്കിയ സമിതിയാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. കെ.എന്‍.എം ഔദ്യോഗിക വിഭാഗം സംസ്ഥാന സെക്രട്ടറിയായ അബ്ദുറഹിമാന്‍ സലഫിയുടേയും മടവൂര്‍ വിഭാഗം സംസ്ഥാന സെക്രട്ടറിയായ എ.അസ്ഗറലിയുടേയും നേതൃത്വത്തിലുള്ള സമിതിയാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എടവണ്ണ ജാമിഅ നദ്വിയ്യയിലും കോഴിക്കോട്ടുമായാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ഈ മാസം 26 വരെ ആദര്‍ശപരമായ കാര്യങ്ങളിലുള്ള ചര്‍ച്ചയാണ് നടക്കുന്നത്. അതിനു ശേഷമാണ് സംഘടനാപരമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍. ഒന്നിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗവും തങ്ങളുടെ പ്രസ്ഥാനത്തിനു കീഴിലുള്ള പോഷക സംഘടനകളെ കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഇതിന്റെ ഭാഗമായി മടവൂര്‍ വിഭാഗം കഴിഞ്ഞ ദിവസം മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. ഔദ്യോഗിക വിഭാഗത്തിന്റെ യോഗം ഉടന്‍ തന്നെ ചേരും. അതിനിടയില്‍ ഇരുവിഭാഗം നേതാക്കളും പങ്കെടുക്കുന്ന ഒരു ചടങ്ങും കണ്ണൂര്‍ ജില്ലയില്‍ ഇന്ന് നടക്കുന്നുണ്ട്. കടവത്തൂരില്‍ പുതുക്കി പണിത ജുമാമസ്ജിദ് ഉദ്ഘാടനം നിര്‍വഹിക്കുന്നത് ടി.പി. അബ്ദുല്ലക്കോയ മദനിയും മഖ്യപ്രഭാഷണം നടത്തുന്നത് ഹുസൈന്‍ മടവൂരുമാണ്.
എന്നാല്‍ ഐക്യശ്രമത്തിനോട് ഇരു വിഭാഗത്തിലേയും യുവജന നേതാക്കളില്‍ പലര്‍ക്കും വിയോജിപ്പുള്ളതായാണ് അറിവ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന മടവൂര്‍ വിഭാഗം യോഗത്തില്‍ പലരും ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഔദ്യോഗിക വിഭാഗത്തിലെ യുവ നേതാക്കള്‍ക്കും പുതിയ ഐക്യ ശ്രമത്തിനോട് താല്‍പര്യമില്ലെന്നാണ് അറിയുന്നത്.
ഇരുവിഭാഗങ്ങള്‍ക്കും വിയോജിപ്പുള്ള ആദര്‍ശ വിഷയങ്ങളില്‍ യോജിപ്പിലെത്താന്‍ ആയിട്ടില്ല. പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ സ്വീകരിക്കേണ്ട മാനദണ്ഡത്തിലും ഹദീസുകളുടെ സ്വീകാര്യതയുടെ വിഷയത്തിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. സ്വഹീഹുല്‍ ബുഖാരിയില്‍ പോലും നിര്‍മിത ഹദീസുകള്‍ ഉണ്ടെന്ന് വാദിക്കുന്നവര്‍ മടവൂര്‍ വിഭാഗത്തിലെ മുന്‍നിരയിലുണ്ട്. മുജാഹിദ് വിഭാഗം പിളര്‍ന്നതിന് ശേഷം ആദര്‍ശപരമായ വിഷയങ്ങളില്‍ പലതിലും ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.
2007 മുതല്‍ മുജാഹിദ് ഔദ്യോഗിക വിഭാഗം ജിന്ന്, പിശാച് വിഭാഗങ്ങളോട് സഹായാഭ്യര്‍ഥന ശിര്‍ക്കാകില്ല (ബഹുദൈവ വിശ്വാസം) എന്ന് വാദിച്ചിരുന്നു. മടവൂര്‍ വിഭാഗം അത് ശിര്‍ക്കാണ് എന്ന് വാദിക്കുന്നവരാണ്. മടവൂര്‍ വിഭാഗത്തിന്റെ വാദത്തിലേക്ക് ഔദ്യോഗിക മുജാഹിദുകള്‍ മാറുമ്പോള്‍, ഇടക്കാലത്ത് മുജാഹിദ് വിഭാഗം സ്വീകരിച്ച നിലപാട് അനുസരിച്ച് സൃഷ്ടികളോട് സഹായാര്‍ഥന നടത്തിയവര്‍ മുശ്രിക്കുകളായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും. അക്കാലത്ത് മരണപ്പെട്ടവരുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്ന വിഷയത്തിലും അവ്യക്തതയുണ്ടാകും. ഇത്തരം അടിസ്ഥാന വിഷയങ്ങളില്‍ തീര്‍പ്പു കല്‍പിക്കാതെ തൊലിപ്പുറത്തെ ചികിത്സകൊണ്ടു ഒരു ഫലമില്ലെന്നും സംഘടനാപരമായ കാര്യത്തില്‍ ഐക്യം സാധ്യമല്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
ഇരുവിഭാഗത്തിന്റേയും കീഴിലുള്ള പള്ളികളുടേയും മദ്റസകളുടേയും സ്ഥാപനങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും ഉടമസ്ഥാവകാശവും കസേരവീതം വയ്പ്പും കീറാമുട്ടിയായി തുടരുകയാണ്.
അതേസമയം ഐക്യ ശ്രമത്തിനോട് വിയോജിപ്പുള്ള ഇരുസംഘടനകളിലേയും അണികളും ചില നേതാക്കളും മുന്നാം ഗ്രൂപ്പായ ‘വിസ്ഡം’ ഗ്രൂപ്പിലേക്ക് ചുവടു മാറ്റാനുള്ള ഒരുക്കത്തിലാണ്. വ്യക്തമായ ആശയപരവും സംഘടനാപരവുമായ വിയോജിപ്പുകള്‍ നിലനില്‍ക്കേ ഐക്യപ്പെടുന്നത് മുജാഹിദ് പ്രസ്ഥാനത്തെ തകര്‍ക്കുമെന്നാണ് ഈ കൂട്ടര്‍ പറയുന്നത്.
ഹദീസ് നിഷേധികളായ ചേകനൂര്‍ വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും പ്രാകൃത ആചാരങ്ങള്‍ സ്വീകരിച്ച് ജീവിച്ചാലേ മുസ്ലിമാകൂ എന്ന് വിശ്വസിക്കുന്ന ദമ്മാജ് സലഫികളുമടക്കമുള്ള മുജാഹിദിലെ ചെറിയ ഗ്രൂപ്പുകള്‍ സ്വതന്ത്ര വീക്ഷണത്തോട് കൂടിത്തന്നെ പ്രവര്‍ത്തിക്കും.