തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് സുപ്രീം കോടതി

ന്യൂ ദല്‍ഹി: തെരുവുനായ്ക്കളെ കൊല്ലരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുവേണം സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു. തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകള്‍ക്കെതിരെയും കോടതി ശക്തമായ നിരീക്ഷണം നടത്തി. ഇത്തരം സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇത്തരം സംഘടനകള്‍ നിയമവിധേയമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

നായകളെ കൊന്ന സംഭവങ്ങളിലെ അന്വേഷണ റിപ്പോര്‍ട്ട് നേരിട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. തെരുവുനായ്ക്കളെ കൊല്ലുന്ന ഇത്തരം സംഘടനങ്ങള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു.
തെരുവുനായ്ക്കളുടെ ശല്യം കേരളത്തില്‍ വര്‍ധിച്ചിരുന്നു. നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റ് പരുക്ക് പറ്റുകയും ചിലരുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരു സംഘം ആളുകള്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നത്.
ഇതേ സംഭവത്തില്‍ നേരത്തെയും കേരളത്തിന് സുപ്രീംകോടതിയുടെ വിമര്‍ശനം ഉണ്ടായിരുന്നു. ചില സംഘടനകള്‍ തെരുവു നായ്ക്കളെ കൊന്ന് ആഘോഷിക്കുകയാണോ എന്നാണ് കോടതി അന്ന് ചോദിച്ചത്.