ഡിജിപി സെന്‍കുമാറിന് വഴിയൊരുക്കാന്‍ ഏനാത്ത് പാലം അടച്ചു; ചോദ്യം ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയില്‍

പോലീസിനോട് കളിച്ചാല്‍ കളി പഠിപ്പിക്കും വഴി തടയല്‍ ചോദിച്ച നാട്ടുകാരോട് പോലീസിന്റെ ആക്രോശം.ഡിജിപി ടി.പി സെന്‍കുമാറിനു വഴിയൊരുക്കാന്‍ എം.സി. റോഡിലെ ഏനാത്ത് ബെയ്‌ലി പാലം അടച്ചതിനെത്തുടര്‍ന്ന് എം.സി. റോഡില്‍ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രി 7.30നാണ് സംഭവം.

വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും നേരേ പോലീസ് അസഭ്യവര്‍ഷം നടത്തിയെന്നും ആക്ഷേപമുണ്ട്. പാലം അടച്ചതു ചോദ്യംചെയ്ത ഏനാത്ത് ഗോകുലത്തില്‍ ഗോകുലി(21)നെയാണ് പുത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

അടൂര്‍ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്കു ഡിജിപി ഏനാത്ത് പാലം വഴി എത്തുന്നുണ്ടെന്നു വിവരം ലഭിച്ച പുത്തൂര്‍ പോലീസ് പാലം അടയ്ക്കാന്‍ ആംഡ് പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. രാത്രി ഏഴിന് പാലം അടയ്ക്കുമ്പോള്‍ ഇരുകരകളിലും നൂറുകണക്കിനു വാഹനങ്ങളുണ്ടായിരുന്നു.

യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഡിജിപി കടന്നു പോയതിനുശേഷമേ പാലം തുറക്കുകയുള്ളുവെന്നു പോലീസ് അറിയിച്ചു. ഇതിനിടെ വാഹനങ്ങളുടെ നിര കുളക്കട വായനശാല ജങ്ഷനും കഴിഞ്ഞ് പെട്രോള്‍ പമ്പിന് സമീപം എത്തിയിരുന്നു. ഇതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. എട്ടിന് ഡിജിപി ടി.പി സെന്‍കുമാര്‍ കടന്നു പോയതിന് ശേഷമാണ് പാലം തുറന്നത്