കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിരോധനം ആരോഗ്യത്തെ ബാധിക്കും

കശാപ്പിനായുള്ള കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചതിലൂടെ രാജ്യത്തെ ജനങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തില്‍ മൂന്നു ഘടകങ്ങള്‍ അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീന്‍ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ വൈറ്റമിനുകളും ലവണങ്ങളുമൊക്കെ ആവശ്യം തന്നെ.

ഭക്ഷണത്തില്‍ 40 ശതമാനമെങ്കിലും പ്രോട്ടീന്‍ വേണമെന്നാണു കണക്ക്. പ്രോട്ടീനിന്റെ പ്രധാന സ്രോതസ്സ് പച്ചക്കറിയില്‍ പയര്‍വര്‍ഗങ്ങളാണ്. പിന്നെ, മല്‍സ്യവും മാംസവും. കേരളത്തില്‍ പയര്‍വര്‍ഗങ്ങള്‍ വേണ്ടത്ര ലഭ്യമല്ല. ഉള്ളവയ്ക്കുതന്നെ വിലക്കൂടുതലുമാണ്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ അത് ഉള്‍പ്പെടുത്തുന്നതും കുറയുന്നു. അപ്പോള്‍, പ്രോട്ടീനിനായി കാര്യമായി ആശ്രയിക്കാവുന്നതു മല്‍സ്യവും മാംസവും തന്നെ.

ഒട്ടേറെ ഇനങ്ങളുണ്ടെങ്കിലും മാംസത്തില്‍ ബീഫ്, ആട്, കോഴി എന്നിവയാണു പ്രധാനമായും ലഭ്യമാകുന്നത്. ഇക്കൂട്ടത്തില്‍ ഇന്ത്യയൊട്ടാകെ സുലഭമായതും വിലക്കുറവുള്ളതും ബീഫാണ്. കേരളത്തിലാണെങ്കില്‍ ആട്ടിറച്ചിയെക്കാളും കോഴിയിറച്ചിയെക്കാളും വിറ്റഴിയുന്നതും ബീഫാണ്. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യശരീരത്തിന് അത്യാവശ്യമായി വേണ്ട പ്രോട്ടീനിന്റെ ലഭ്യമായ പ്രധാന സ്രോതസ്സാണു ബീഫ് കിട്ടാതാകുന്നതോടെ ഇല്ലാതാകുന്നത്.

കേരളത്തില്‍ പൊതുവെ പ്രോട്ടീന്‍ ശരീരത്തിലെത്തുന്നതു കുറവാണ്. കാരണം, ചോറാണു നമ്മുടെ പ്രധാന ഭക്ഷണം. അന്നജമാണു ചോറില്‍ പ്രധാനം. അന്നജം വലിയ അളവില്‍ പെട്ടെന്നു ശരീരത്തിലെത്തുന്നതോടെ ആവശ്യമുള്ളതു മാത്രം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുകയും ബാക്കി കൊഴുപ്പായി അടിയുകയും ചെയ്യുന്നു. ഇതു ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പല്ല. അതിന്റെഫലമായാണ് അമിതവണ്ണവും കുടവയറുമൊക്കെ ഉണ്ടാകുന്നത്.

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുകയും പ്രോട്ടീന്‍ കൂട്ടുകയും തന്നെയാണ് ഈ സാഹചര്യത്തില്‍ ആരോഗ്യപരിരക്ഷയ്ക്കായി ചെയ്യേണ്ടത്. പ്രോട്ടീനിന്റെ കലവറയായ ബീഫ് കിട്ടാതാകുന്നത് ഈ അവസരത്തില്‍ ദോഷഫലമേ ഉണ്ടാക്കൂ. ബീഫ് അടക്കമുള്ള റെഡ് മീറ്റിലെ കൊഴുപ്പ് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്നു പറയുന്നത് അമിതമായി ഉപയോഗിക്കുമ്പോഴാണു ബാധകമാകുന്നത്. അതുപോലെ, കൂടുതല്‍ എണ്ണയില്‍ വറുക്കുകയും പൊരിക്കുകയും ചെയ്യുമ്പോഴും. കൊഴുപ്പിനെക്കാള്‍ കൂടുതല്‍ ബീഫിലുള്ളതു പ്രോട്ടീനാണെന്നുമോര്‍ക്കണം.

തൊഴിലാളികള്‍ അടക്കം ശാരീരികാധ്വാനം കൂടുതലായി ചെയ്യുന്നവരും ബീഫാണു മാംസത്തിന്റെ കൂട്ടത്തില്‍ കൂടുതല്‍ കഴിക്കുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലാകെ അങ്ങനെതന്നെയാണ്. ബീഫ് കിട്ടാതാകുന്നതോടെ പ്രോട്ടീന്‍ വേണ്ടത്ര ലഭ്യമല്ലാതെ പേശികള്‍ക്കു ബലം കുറയുകയും അതു ജോലിക്കു തടസ്സമാവുകയും ചെയ്യും.

ഒരു ഭക്ഷ്യവസ്തു ഇല്ലാതാകുന്നതിന്റെ കുറവു പരിഹരിക്കാന്‍ പലരും ചോറു കൂടുതല്‍ കഴിക്കാന്‍ തുടങ്ങും. അതോടെ കൊഴുപ്പു കൂടുതല്‍ ശരീരത്തിലെത്തി ആരോഗ്യം ക്ഷയിക്കും. വൈറ്റമിനുകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായ ബി12 ലഭിക്കുന്നതു മാംസത്തില്‍നിന്നു മാത്രമാണ്.

കേരളത്തില്‍ പൊതുവെ ജീവിതശൈലീരോഗങ്ങള്‍ കൂടുതലാണ്. പൊണ്ണത്തടിയും അമിതഭാരവും വഴി ഹൃദയസംബന്ധമായവ അടക്കമുള്ള രോഗങ്ങള്‍ക്കു പലരും അടിമകളാകുന്നതും നമ്മള്‍ കാണുന്നു. ഈ സാഹചര്യത്തില്‍ ഉള്ള പ്രോട്ടീന്‍ സ്രോതസ്സു കൂടി ഇല്ലാതാകുന്നതു ജനത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നുറപ്പ്.