ഹൈക്കോടതി മാര്‍ച്ച് നടത്തിയ മുസ്ലിം നേതാക്കള്‍ കുടുങ്ങും; കുരുക്ക് മുറുക്കി പോലീസ്, അഴിയെണ്ണും

ഹാദിയ കേസില്‍ ഹൈക്കോടതി വിധിക്കെതിരേ പ്രതിഷേധിച്ച മുസ്ലിം നേതാക്കള്‍ കുടുങ്ങും. ഇസ്ലാം സ്വീകരിച്ച യുവതിയുടെ മതം മാറ്റം റദ്ദാക്കിയ വിവാദ കോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമായിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ പോലീസ് കേസെടുത്തു. വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. നേതാക്കളുടെ പ്രസംഗം പോലീസ് പരിശോധിച്ച വരികയാണ്. പ്രകോപനപരമായ വാക്കുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാര്‍ച്ച് സെന്റ് ആര്‍ബര്‍ട്‌സ് കോളജിനു സമീപം എത്തിയപ്പോള്‍ പോലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം ലാത്തി വീശി. 500 പേര്‍ പങ്കെടുക്കുമെന്നാണ് മാര്‍ച്ചിന് അനുമതി തേടിയുള്ള അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിലധികം പേര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അക്രമത്തില്‍ പോലീസിനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ ഏകോപനസമിതി 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. കോടതി വിധി പൗരാവകാശ ലംഘനമാണെന്നും ഇത്തരം വിധികള്‍ ജനാധിപത്യ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതുമാണെന്നും മുസ്ലിം നേതാക്കള്‍ പ്രതികരിച്ചു.

കോട്ടയം സ്വദേശി ഹാദിയയുടെ വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. പെണ്‍കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിക്കുന്ന ഹേബിയസ് ഹര്‍ജി നിലവിലിരിക്കെ വിവാഹിതയായത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിവാഹം അസാധുവാക്കിയത്.

കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഹാദിയയെ പോലീസ് വൈക്കം ടിവി പുരത്തെ അച്ഛന്റെയും അമ്മയുടെയും അടുത്തെത്തിച്ചിരുന്നു. ബലം പ്രയോഗിച്ചാണ് യുവതിയെ പോലീസ് വീട്ടിലേക്ക് കൊണ്ടുപോയത്. വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് അവര്‍ പറഞ്ഞിരുന്നെങ്കിലും പോലീസ് കൂട്ടാക്കിയില്ല.

ഹൈക്കോടതി വിധി റദ്ദാക്കണമെന്നും വീട്ടുതടങ്കലില്‍ നിന്നു ഹാദിയയെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മുസ്ലിം സംഘടനകള്‍ ഹൈക്കോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ഹൈക്കോടതിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത് അനിയോജ്യമായ രീതിയല്ലെന്ന് വിവിധ കോണുകളില്‍ നിന്നു അഭിപ്രായമുയരുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് സംഘാടകര്‍ പറയുന്നു.

ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് വിധിയെന്ന് മുസ്ലിം നേതാക്കള്‍ പറയുന്നു. ഹാദിയയുടെ ഭാഗം കേള്‍ക്കാതെയും അവരെ മുഖവിലക്കെടുക്കാതെയുമാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും കേവലം ഊഹങ്ങളുടെ പുറത്താണ് വിധി പ്രസ്താവമെന്നും ഏകോപനസമിതി ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി, കണ്‍വീനര്‍ വികെ ഷൗക്കത്തലി, വൈസ് ചെയര്‍മാന്‍ സലീം കൗസരി എന്നിവര്‍ ആരോപിച്ചു.

മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. അയ്യായിരത്തിലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. വിവാഹം റദ്ദാക്കിയ വിധി പിന്‍വലിക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും മുസ്ലിം ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അസാധുവാക്കിയത്.

വര്‍ഗ്ഗീയപരമായതെന്ന് ധ്വനിപ്പിക്കുന്ന ഈ വിധിയിലെ അനീതിയും ഇസ്ലാം വിരുദ്ധതയും തിരുത്തേണ്ടതുണ്ടെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധകര്‍ മാര്‍ച്ച് നടത്തിയത്. മര്‍ച്ചിനോട് ചേര്‍ന്ന് നേതാക്കള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പോലീസ് പരിശോധിച്ച് വരികയാണ്. വര്‍ഗീയ പരാമര്‍ശങ്ങളുണ്ടെങ്കില്‍ കൂടുതല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

തങ്ങളുടെ പരിധിക്കുള്ളില്‍വരാത്ത ഇസ്ലാമിക വിശ്വാസത്തെയും മത സ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ കോടതിയുടേതെന്നല്ല, ആരുടെ ഭാഗത്തുനിന്നായാലും അത് വെച്ചുപൊറുപ്പിക്കാന്‍ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു. യുവതിയെ ഐസിസിലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.