അണികളുടെ തള്ളിക്കയറ്റംമൂലം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മെട്രോ ട്രെയിനില്‍ കയറാനായില്ല. ആലുവയില്‍നിന്ന് പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ എത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രവര്‍ത്തകരുടെ തിരക്കുമൂലം കാല്‍തെറ്റിവീണ് നിസ്സാരപരിക്കേല്‍ക്കുകയുംചെയ്തു.
മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച ജനകീയയാത്രയെന്ന പേരില്‍ സംഘടിപ്പിച്ച മെട്രോയാത്രയിലാണ് നേതാവിനെ പ്‌ളാറ്റ്‌ഫോമില്‍ നിര്‍ത്തി അണികള്‍ ട്രെയിനില്‍ കയറിയത്. ആലുവമുതല്‍ പാലാരിവട്ടംവരെയായിരുന്നു യാത്ര. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് അധ്യക്ഷന്‍ എം എം ഹസന്‍, എംഎല്‍എമാരായ പി ടി തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ ബാബു തുടങ്ങിയവരും എത്തിയിരുന്നു. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാധാരണ യാത്രക്കാരും ആലുവ സ്റ്റേഷനില്‍ തടിച്ചുകൂടിയതോടെ പ്‌ളാറ്റ്‌ഫോം നിറഞ്ഞു.
തിരക്കിനിടെ പ്‌ളാറ്റ്‌ഫോമിലെ മഞ്ഞവര പല പ്രവര്‍ത്തകരും മറികടന്നു. ഇത് അപകടഭീഷണിയും ഉയര്‍ത്തി. 750 വാട്ട് ലൈനാണ് മെട്രോയുടെ രണ്ടു ട്രാക്കിനുമിടയിലൂടെ കടന്നുപോകുന്നത്. മഞ്ഞവര മറികടക്കരുതെന്ന് മെട്രോ അധികൃതര്‍ നേരത്തേ പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നതുമാണ്. എന്നാല്‍, ഇതൊന്നും പ്രവര്‍ത്തകര്‍ കാര്യമാക്കിയില്ല. അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ട നേതാക്കളാണ് പിന്നീട് പ്രവര്‍ത്തകരെ നിയന്ത്രിച്ച് മഞ്ഞവരയ്ക്ക് ഇപ്പുറത്തേക്ക് മാറ്റിയത്.
ഇതിനിടയില്‍ പാലാരിവട്ടത്തേക്കുള്ള ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലെത്തിയതോടെ അണികള്‍ ഇടിച്ചുകയറി. ക്ഷണനേരംകൊണ്ട് ട്രെയിന്‍ നിറഞ്ഞതിനാല്‍ ഉമ്മന്‍ചാണ്ടിക്ക് കയറാനായില്ല. ട്രെയിന്‍ ഉടന്‍ പ്‌ളാറ്റ്‌ഫോം വിടുകയുംചെയ്തു. അണികളെക്കൂടാതെ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും ഇതിലുണ്ടായിരുന്നു.
അടുത്ത ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്. ഇതിലും തിരക്കുമൂലം കുറച്ചുദൂരം ഉമ്മന്‍ചാണ്ടിക്ക് നിന്നു യാത്രചെയ്യേണ്ടിവന്നു. പിന്നീട് പാലാരിവട്ടത്ത് യാത്ര അവസാനിച്ചശേഷം പുറത്തിറങ്ങുമ്പോഴുണ്ടായ തിരക്കിലാണ് അദ്ദേഹം കാല്‍തെറ്റിവീണത്.