വിജിലന്‍സിന് തിരിച്ചടി: ബാബുവിനെ ബിനാമികളുമായി ബന്ധിപ്പിക്കാന്‍ തെളിവുകളില്ല

ബാബുവിനെതിരായ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസ് ദുര്‍ബലമാകുന്നു

അന്വേഷണം 110 ദിവസം കഴിഞ്ഞിട്ടും തെളിവുകള്‍ ലഭിക്കാതെ ഇരുട്ടില്‍ തപ്പുന്നു

മൂവാറ്റുപുഴ:മുന്‍ മന്ത്രി കെ. ബാബു വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ സമ്പാദിച്ചെന്ന കേസില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം 110 ദിവസം കഴിഞ്ഞിട്ടും നിര്‍ണായക തെളിവുകള്‍ കണ്ടെത്താന്‍ കഴിയാതെ അന്വേഷകസംഘം ഇരുട്ടില്‍ തപ്പുന്നു.

ബാബുവിനു പുറമേ ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന മോഹനന്‍, ബാബുറാം എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ബിനാമികളില്‍നിന്ന് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത രേഖകള്‍ മുന്‍ മന്ത്രി ബാബുവിന്റേതാണെന്നു തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി. മാധവന്‍ നടത്തിയ പരാമര്‍ശമാണു കേസില്‍ വഴിത്തിരിവാകുന്നത്. ഇതോടെ കെ. ബാബുവിന്റെ സ്വത്തുകേസ് തന്നെ ദുര്‍ബലമാകാന്‍ ഇടയുണ്ടെന്നാണു നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസിലെ ഒന്നാം പ്രതി കെ. ബാബുവും രണ്ടും മൂന്നും പ്രതികളാണ് യഥാക്രമം ബാബുറാമും മോഹനനും.

തൃപ്പൂണിത്തുറ റോയല്‍ ബേക്കറി ഉടമയായ മോഹനന്റെ കട റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത 6,67,050 രൂപ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചു പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലാണ് ബിനാമി ബന്ധം തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ലെന്നു ജഡ്ജി വ്യക്തമാക്കിയത്. ബാബുവിന്റെ അഴിമതിക്കേസ് സംബന്ധിച്ച് സെപ്റ്റംബര്‍ മൂന്നിനാണ് വിജിലന്‍സ് വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്. കെ. ബാബുവിന്റെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, ബിനാമികള്‍ എന്നിവരുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്വത്തുവകകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു.

കെ. ബാബു മന്ത്രിയും എം.എല്‍.എയുമായിരുന്ന പത്തുവര്‍ഷക്കാലത്ത് സമ്പാദിച്ച സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ വരവില്‍ കവിഞ്ഞതാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു റെയ്ഡ്. തമിഴ്നാട്ടിലും മറ്റും കെ. ബാബുവിനും മകളുടെ ബന്ധുവീട്ടുകാര്‍ക്കും വലിയ സ്വത്തുശേഖരമുണ്ടെന്ന് വിജിലന്‍സ് ആദ്യഘട്ടത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് കെ. ബാബുവിന്റെ ബാങ്ക് ലോക്കറുകളും പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും പ്രസക്തമായതൊന്നും കണ്ടെത്താനായിരുന്നില്ല.

റോയല്‍ ബേക്കറി ഉടമ മോഹനനില്‍നിന്ന് 6,67,050 രൂപയും ബാബുറാമില്‍നിന്ന് ഭൂമി സംബന്ധമായ പ്രമാണങ്ങളുമാണ് വിജിലന്‍സ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തത്. ഇവ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇരുകക്ഷികളും കോടതിയെ സമീപിച്ചിരുന്നു. മോഹനനില്‍ നിന്ന് പിടിച്ച പണത്തിന്റെ ഉറവിടം കാണിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മോഹനന്‍ കെ. ബാബുവിന്റെ ബിനാമിയെന്ന് തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞിട്ടില്ല എന്ന കോടതിയുടെ നിരീക്ഷണം വിജിലന്‍സ് കേസ് ദുര്‍ബലമാകുന്നതിന്റെ സൂചനയായി വിലയിരുത്തുന്നുണ്ട്. കേസിന്റെ തുടക്കംമുതലേ വിജിലന്‍സിനെതിരേ മോഹനന്റെയും ബാബുറാമിന്റെയും അഭിഭാഷകര്‍ ഉന്നയിക്കുന്ന മുഖ്യമായ വാദവും ഇരുവരും ബിനാമികളല്ല എന്നതാണ്.

മുന്‍ യു.ഡി.എഫ്. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അഞ്ചുവര്‍ഷക്കാലം കൊണ്ട് തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ കൃഷിഭൂമി അടക്കം വന്‍ സ്വത്തുക്കള്‍ ബിനാമി ഇടപാടുകളിലൂടെ കെ. ബാബു സമ്പാദിച്ചെന്നാണ് എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പി. വി.എന്‍. ശശിധരന്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലുള്ളത്. 41 ഭൂമി ഇടപാടുകളില്‍ ആറേക്കര്‍ 29 സെന്റ് ഭൂമി ബാബുറാം വാങ്ങിയെന്നു വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യക്തമായിരുന്നു. ഇതില്‍ 27 ഇടപാടുകള്‍ കെ. ബാബു മന്ത്രിയായിരുന്ന 2011-16 കാലയളവില്‍ നടത്തിയെന്നാണു വിജിലന്‍സ് നല്‍കുന്ന വിവരം.

മറ്റുള്ളവ അതിനുമുമ്പ് നടന്നതാണ്. ബാങ്ക് ഇടപാടുകള്‍, റെയ്ഡില്‍ പിടിച്ചെടുത്ത 8.54 ലക്ഷം, പതിനെട്ടുപവന്‍, വജ്രക്കല്ലുകള്‍, ഭൂമിയിടപാടുകളുടെ ആധാരങ്ങള്‍ തുടങ്ങിയ തൊണ്ടിമുതലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ബാര്‍- ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട നൂറുകോടിരൂപയുടെ അഴിമതി നടന്നെന്ന് വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു.

അങ്കമാലിയിലെ സാധാരണ കുടുംബത്തിലെ അംഗമായ ബാബു മന്ത്രിയായിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടാണ് ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നു എഫ്.ഐ.ആര്‍. പറയുന്നു. ബാബുറാമിനും മോഹനനും സ്വന്തമായി ബിസിനസ് നടത്താന്‍ സാമ്പത്തിക ശേഷിയില്ലാത്തവരാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എന്നാല്‍, ഇതു സാധൂകരിക്കത്തക്ക തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കേസ് അന്വേഷണഘട്ടത്തിലാണെന്ന മറുവാദം ഉയര്‍ത്തിയാകും വിജിലന്‍സ് ഇതിനെ ഇനി പ്രതിരോധിക്കുക.