അഞ്ചംഗ സംഘത്തെച്ചൊല്ലി എ ഗ്രൂപ്പില്‍ തര്‍ക്കം

ഉമ്മന്‍ ചാണ്ടിയെ വഴിതെറ്റിക്കുന്നത് അഞ്ചംഗസംഘമെന്ന് യുവനിര

വെട്ടിലായി എ.കെ ആന്റണിയും

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് നില്‍ക്കുന്ന എ ഗ്രൂപ്പ് പാളയത്തില്‍ അസ്വാരസ്യം തലപൊക്കുന്നു.

ഉമ്മന്‍ ചാണ്ടിയാണ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നതെങ്കിലും അഞ്ചംഗസംഘത്തിന്റെ അഭിപ്രായങ്ങളാണ് നടപ്പാകുന്നത്. എം.എം ഹസന്‍, തമ്പാനൂര്‍ രവി, കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബന്നിബഹ്നാന്‍ എന്നിവരാണ് അഞ്ചംഗ സംഘത്തിലുള്ളത്. ഈ സംഘത്തിനെതിരെ മധ്യ-യുവനിര നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് പരാതിപ്പെട്ടിട്ടുണ്ട്.

ഇതില്‍ പല നേതാക്കള്‍ക്കും പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നും മാഫിയകളെപ്പോലെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗ്രൂപ്പിലെ ഒരു പ്രമുഖ യുവനേതാവ് കുറ്റപ്പെടുത്തി.

ഇല്ലത്ത്‌നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തെത്തിയുമില്ല എന്ന അവസ്ഥയിലാണ് എ ഗ്രൂപ്പെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഗ്രൂപ്പിനെ ഈ അവസ്ഥയിലെത്തിച്ചതിന് പിന്നില്‍ ഈ അഞ്ചംഗ സംഘമാണെന്നും യുവനേതാവ് ആരോപിച്ചു.
ഹൈക്കമാന്‍ഡിലോ സംസ്ഥാന രാഷ്ട്രീയത്തിലോ സമ്മര്‍ദ്ദ ശക്തിയാകാന്‍ കെല്‍പ്പില്ലാത്ത ഈ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെന്ന ജനകീയനേതാവിന്റെ തണലിലാണ് തിന്ന്‌ കൊഴുത്തതെന്നും ആക്ഷേപമുയരുന്നു.

ഇതിനിടെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ ഗ്രൂപ്പിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് ഉമ്മന്‍ ചാണ്ടിക്കുമുള്ളത്. സംസ്ഥാന നേതൃത്വത്തോട് കലാപം പ്രഖ്യാപിക്കുകയോ സമരസപ്പെടുകയോ ആണ് മുന്നിലുള്ള ഏക മാര്‍ഗം. ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ ഗ്രൂപ്പിന്റെ ശക്തിക്ഷയിക്കുമെന്നും ഉറപ്പാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നത് നേതാക്കളില്‍ മാത്രം കേന്ദ്രീകരിച്ചതാനാല്‍
നല്ലൊരുവിഭഗം പ്രവര്‍ത്തകര്‍ ബി.ജെ.പി.യില്‍ ചേരുകയോ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനയും അതുതന്നെ.

അതേസമയം വി.എം സുധീരനെ മുന്‍നിര്‍ത്തി കേരളത്തില്‍ ഒരിഞ്ച് മുന്നേറാനാകില്ലെന്ന സത്യം ഹൈക്കമാന്‍ഡിനും അറിയാം. ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പ്രമുഖ നേതാക്കളുടെ യോഗത്തിന് പിന്നാലെ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തിനെത്തുമോ എന്നതും ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാധീനിക്കും. സംസ്ഥാനത്തെ ഗ്രൂപ്പ് പോര് അധികം നീട്ടിക്കൊണ്ട് പോയാല്‍ പാര്‍ട്ടി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്ന സന്ദേശമാണ് എ.ഐ.സി.സി നിരീക്ഷകരും നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിക്ക് പകരം ജനപിന്തുണയുള്ള മറ്റൊരാളെ കണ്ടെത്താനാകാത്തതാണ് ഹൈക്കമാന്‍ഡിനെയും എ.കെ ആന്റണിയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയും പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് പോലും താന്‍ അയോഗ്യനാണെന്ന് നാള്‍ക്കുനാള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ ഉമ്മന്‍ ചാണ്ടിക്കെതിരായ ഓരോ നീക്കത്തിനും പ്രോത്സാഹനം നല്‍കിയിരുന്ന എ.കെ ആന്റണിയും വെട്ടിലായിരിക്കുകയാണ്. അതിനാല്‍ കേരളത്തിലം പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ആന്റണിയുടെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ്.