വി.എസ് അച്യുതാനന്ദന്‍ വിവാദവിഷയങ്ങളില്‍  ഇടപെടുന്നത് ആര്‍ക്കുവേണ്ടി?

വി.എസിന്റെ നിലപാടുകളില്‍ ആത്മാര്‍ഥതയുണ്ടോ?

ആറന്മുള വിമാനത്താവള ഫയലില്‍ ഒപ്പിട്ടത് സംശയകരം

വിഴിഞ്ഞം നിലപാടിലും മലക്കം മറിച്ചില്‍

-പി.എ.സക്കീര്‍ ഹുസൈന്‍-

അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൈയ്യേറ്റങ്ങള്‍ക്കുമെതിരെ നടത്തിയ പോരാട്ടത്തിലൂടെ ഒരു ജനതയുടെ അളവറ്റ വിശ്വാസ്യതയും സ്‌നേഹവും ഏറ്റുവാങ്ങിയ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍.
എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഭരണത്തിന്റെ പൊതുധാരയില്‍നിന്ന് ഒഴിവാക്കപ്പെട്ട് അധികാര ഇടനാഴിയുടെ ഓരങ്ങളിലെവിടെയോ ഭരണപരിഷ്‌കാര കമ്മീഷനെന്ന കസേരയിലേക്ക് അദ്ദേഹം മാറ്റപ്പെട്ടു. അധികാരത്തിന് പിന്നാലെ ആര്‍ത്തിയോടെ പാഞ്ഞടുക്കുകയും ഒടുവില്‍ എന്തെങ്കിലും കിട്ടിയാല്‍ മതിയെന്ന അവസ്ഥയിലെത്തുകയും ചെയ്തതോടെ വി.എസ്, ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും സംശയം ജനിപ്പിക്കുന്നതാണ്.
1476959602_vs_9-1മതികെട്ടാന്‍ കൈയ്യേറ്റം, മൂന്നാര്‍ ഒഴിപ്പിക്കല്‍, ടി.പി വധം, ഐസ്‌ക്രീം കേസ്, ഇടമലയാര്‍, ലാവ്‌ലിന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളും പോരാട്ടങ്ങളുമായിരുന്നു അച്യുതാനന്ദനെ ജനങ്ങളുടെ വി.എസാക്കിയതും പാര്‍ട്ടിയിലെ എതിര്‍പ്പ് തകര്‍ത്തും മുഖ്യമന്ത്രിക്കസേരയില്‍ വരെയെത്തിച്ചതും.
ഓരോ വിഷയങ്ങളിലും സ്വീകരിച്ച ആര്‍ജ്ജവമുള്ള നിലപാടുകളും പോരാട്ടങ്ങളുമാണ് സ്വതവേ കാര്‍ക്കശ്യക്കാരനും പാര്‍ട്ടിയിലെ വെട്ടിനിരത്തില്‍ നിലപാടുകളിലൂടെ പരുക്കനുമായിരുന്ന വി.എസിനെ ഇന്നത്തെ വി.എസായി രൂപാന്തരപ്പെടുത്തിയത്.
എന്നാല്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ പിന്‍പറ്റുകാരനായതോടെയാണ് മുന്‍കാലങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയ ഓരോ വിഷയങ്ങളിലും പൊതുജനത്തെ കബളിപ്പിക്കുയായിരുന്നോ എന്ന സംശയം ശക്തമാകുന്നത്. വി.എസ് ഉയര്‍ത്തിക്കാട്ടിയ ഓരോ വിഷയങ്ങളും വ്യക്തമായി നിരീക്ഷിച്ചാല്‍, നിലപാടുകള്‍ക്ക് പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടായിരുന്നെന്നും പൊതുജനത്തെ വിഡ്്ഢികളാക്കുകയായിരുന്നെന്നും വ്യക്തമാകും. മുഖ്യമന്ത്രിയായിരിക്കെ വി.എസിന്റെ മകന്‍ വി.എ അരുണ്‍കുമാര്‍ നടത്തിയതായി പറയപ്പെടുന്ന പല ഇടപെടലുകളും കൂട്ടിവായിച്ചാല്‍ പല വി്ഷയങ്ങളിലേയും നിലപാടുകളിലെ പൊള്ളത്തരം വ്യക്തമാകും.
മുഖ്യമന്ത്രിയായിരിക്കെ എല്ലാ വകുപ്പുകളുടെയും പാര്‍ട്ടിയുടെയും മുന്നണിയുടെയും എതിര്‍പ്പ് മറികടന്ന് വി.എസ് നടത്തിയ നീക്കമായിരുന്നു മൂന്നാര്‍ ഓപ്പറേഷന്‍. കൈയ്യേറ്റക്കാര്‍ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വി.എസ് മൂന്നാര്‍ മലനിരകളിലെ എട്ട് റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കി. മറുവാദമോ നിയമപരമായ തടസങ്ങളോ ഉന്നയിക്കാന്‍ റിസോര്‍ട്ടുടമകള്‍ക്ക് അവസരം കൊടുക്കാതെ നടത്തിയ ഇടിച്ചുനിരത്തല്‍ കേരള ജനത ആവേശത്തോടെയാണ് ചാനലുകളില്‍ ലൈവായി കണ്ടുതീര്‍ത്തത്. സ്വന്തം മന്ത്രിസഭയിലെ പ്രധാനഘടകകക്ഷിയായ സി.പി.ഐയുടെ പാര്‍ട്ടി ആസ്ഥാനത്തെയും വി.എസിന്റെ പൂച്ചക്കുട്ടികള്‍ വെറുതെ വിട്ടില്ല.
 കൈയ്യേറ്റങ്ങള്‍ക്ക് മൂന്നാറില്‍ ഇളക്കം തട്ടുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വി.എസിന്റെ വ്യക്തിപ്രഭാവം പതിന്മമടങ്ങ് വര്‍ധിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഒഴിപ്പിക്കല്‍ അവസാനിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെയും മാഫിയകളുടെയും ഇടപെടലുകളെ കുറ്റപ്പെടുത്തിയ നാം വി.എസിന്റ നിലപാടുകള്‍ക്കൊപ്പം ഉറച്ച് നിന്നു. എന്നാല്‍ അതിനുശേഷം മൂന്നാറില്‍ പതിന്‍മടങ്ങായി വര്‍ധിച്ച കൈയ്യേറ്റത്തിനെതിരെ ശബ്ദമുയര്‍ത്താനോ അന്നത്തെ ഓപ്പറേഷന് ചുക്കാന്‍പിടിച്ച സുരേഷികുമാറെന്ന ഐ.എ.എസുകാരെ പിന്നീടങ്ങോട്ട് സംരക്ഷിക്കാനോ വി.എസ് മിനക്കെട്ടില്ലെന്നതാണ് വസ്തുത.
arunkumar
സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലും വി.എസിന്റെ നിലപാട് ജനസമ്മതിനേടിക്കൊടുത്തു. ടി.പിയുടെ വിധവ രമയെ പാര്‍ട്ടി വിലക്ക് ലംഘിച്ച് വി.എസ് ആശ്വസിപ്പിക്കാനെത്തിയത് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനിടയാക്കെയെന്ന് പോലും സി.പി.എം കണ്ടെത്തി. എന്നാല്‍ കൊലക്കേസില്‍ ആരോപണവിധേയരായ കുഞ്ഞനന്തന്‍, കാരായിമാര്‍ എന്നിവരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കുകയോ പാര്‍ട്ടിയുടെ വിവിധ കമ്മറ്റികളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തപ്പോള്‍ വി.എസ് മൗനിയാകുകയും മുന്‍നിലപാടില്‍നിന്ന് ഒളിച്ചോടുകയും ചെയ്തു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിക്കെതിരെ ശക്തമായ ആരോപണങ്ങളുന്നയിച്ച വി.എസ്, ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും അതേക്കുറിച്ച് മിണ്ടിയില്ല. ലാവ്‌ലിന്‍ കേസിലും സ്ഥിതി വിഭിന്നമല്ല. പിണറായിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് നിറഞ്ഞുനിന്ന വി.എസ് ഒരു സുപ്രഭാതത്തില്‍ അവിടെയും നിലപാടുമാറ്റി.
വി.എസ് നടത്തിയ നിരന്തരവ്യവഹാരങ്ങള്‍ക്കൊടുവിലാണ് ഇടമലയാര്‍ അഴിമതിക്കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഇരുമ്പഴിക്കുള്ളിലായത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വി.എസ് തന്നെ എല്‍.എഡി.എഫ് സംഘടിപ്പിച്ച സമരത്തിലേക്ക് പിള്ളയെ കൈപിടിച്ചാനയിച്ചു.
സ്വര്‍ണവ്യാപാരി ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്ത മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ചപ്പോഴും അന്വേഷണമാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി.  എന്നാല്‍ തുടര്‍ന്നങ്ങോട്ട് പരാതിയില്‍ കേസെടുത്തോ എന്ന് അന്വേഷിക്കാനോ അതിനുവേണ്ടി ഇടപെടാനോ വി.എസ് തയാറായിട്ടില്ല. ഏറ്റവുമൊടുവില്‍ നെല്‍വയല്‍- തണ്ണീര്‍ത്തട കൈയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന പ്രസ്താവനയുമായാണ് വി.എസ് രംഗത്തെത്തിയിരിക്കുന്നത്.  മുന്‍കാലങ്ങളില്‍ ഉയര്‍ത്തിക്കാട്ടിയ വിഷയങ്ങളില്‍ വി.എസ് സ്വീകരിച്ച തുടര്‍ നിലപാടുകള്‍ താരതമ്യപ്പെടുത്തിയാല്‍ ഈ പ്രസ്താവന ആത്മാര്‍ഥമാമെന്ന് കരുതാനാകില്ല.
Party has two faces: V.S. Achuthanandan (centre) with Pinarayi Vijayan (left)
ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന സജീവ വിഷയങ്ങളില്‍ ഇടപെട്ട് അത് കൂടുതല്‍ വിവാദമാക്കുന്ന രീതിയാണ് വി.എസ് പിന്തുടരുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ മറ്റാരെങ്കിലും വി.എസിനെ നിര്‍ബന്ധപൂര്‍വം ഇടപെടുത്തുകയോ വിവാദമാകുമ്പോള്‍ അദ്ദേഹത്തെ നിശബ്ദനാക്കുന്നതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ വി.എസ് നിശബ്ദതപാലിക്കുകയോ പിന്‍വലിയുകയോ ചെയ്യുന്നതിന് പിന്നില്‍ എതെങ്കിലും തരത്തിലുള്ള കച്ചവട ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.
ഇത്തരത്തില്‍ ഏറെ സംശയങ്ങള്‍ക്ക് ഇടയാക്കിയ തീരുമാനമായിരുന്നു വി.എസ് മുഖ്യമന്ത്രിയായിരിക്കെ ആറന്‍മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. പിന്നീട് വിഷയം വിവാദമായതോടെ അദ്ദേഹം ചുവടുമാറുകയായിരുന്നു. എങ്കിലും അന്ന് ഈ ഉത്തരവില്‍ ഒപ്പിടാന്‍ വി.എസിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യം ഇന്നും പ്രസക്തമാണ്. വി.എസ്  മുഖ്യമന്ത്രിയായിരിക്കെ പിന്നില്‍നിന്ന് സര്‍ക്കാരില്‍ ഇടപെട്ടെന്ന ആരോപണത്തിനിരയായ മകന്‍ വി.എ അരുണ്‍കുറിന്റെ ഇടപെടലുകളും ദുരൂഹതയുണര്‍ത്തുന്നതാണ്. നിലപാടുമാറ്റങ്ങള്‍ക്ക് പിന്നിലും മകന്റെ ഈ കച്ചവട താല്‍പര്യമാണോയെന്ന സംശയവും ശക്തമാകുകയാണ്.