വൈദികനെ ശിക്ഷിച്ച കേസില്‍ ഡോക്ടറെ വെറുതെ വിട്ടു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി ഫാദര്‍ എഡ്വിന്‍ ഫിഗറസ് ക്രൂരമായ പീഡിപ്പിച്ച വിവരം പോലീസിനെ അറിയിക്കാത്തതിനാണ് ഡോക്ടര്‍ അജിതയെ പ്രതിയാക്കിയത്.

പോസ്‌കോ നിയമപ്രകാരം സംസ്ഥാനത്ത് അദ്യമായിട്ടാണ് ഒരു ഡോക്ടറെ പ്രതിയാക്കുന്നത്.

 

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ മറ്റൊരു പ്രതിയായ ഡോക്ടര്‍ അജിതക്കെതിരെ നിയമപ്രകാരം കുറ്റം തെളിയിച്ചിട്ടും ശിക്ഷ വിധിക്കാത്തത് ചര്‍ച്ചയാകുന്നു. മേലില്‍ ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പാണ് ഡോക്ടര്‍ അജിതയ്ക്ക് കോടതി നല്‍കിയത്. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡര്‍ ആക്ട് മൂന്നാം വകുപ്പ് പ്രകാരമാണ് അജിതയെ കോടതി വെറുതെ വിട്ടത്.

തെറ്റ് ചെയ്യുന്നവരെയും മുമ്പ് കേസില്‍ പെടാതിരിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ടാണ് കുട്ടികള്‍ക്കെതിരായുള്ള ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടും ഡോ. അജിത ജയിലില്‍ ആകാതിരുന്നത്. പുത്തന്‍ വേലിക്കര പോലീസ് ആണ് ലൈംഗികാതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമ പ്രകാരം ഡോ. അജിതക്കെതിരെ കേസ് എടുത്തത്. പീഡന വിവരം പോലീസില്‍ അറിയിക്കാതിരുന്നതിനാലാണ് ഡോക്ടര്‍ക്കെതിരെ കേസ് എടുത്തത്. കേരളത്തില്‍ ഇതാദ്യമായാണ് പീഡനക്കേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ പോസ്‌കോ നിയമം ചുമത്തി കേസെടുക്കുന്നത്. പരിശോധനയില്‍ പീഡനം നടന്നതായി മനസ്സിലാക്കിയെങ്കിലും ഡോ. അജിത പോലീസില്‍ വിവരം അറിയിച്ചില്ല.

കേസില്‍ ഡോക്ടര്‍ നാലാം പ്രതിയായിരുന്നു. പരിശോധനയ്ക്കായി ഡോക്ടറെ സമീപിച്ചിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ പോയാണ് ഡോക്ടറെ കണ്ടത്. കുട്ടിക്ക് ഗര്‍ഭനിരോധന ഗുളിക നല്‍കി ഡോക്ടര്‍ ഒഴിവാക്കുകയായിരുന്നു. പീഡനവിവരം പോലീസില്‍ അറിയിക്കാത്തതിന്റെ പേരിലാണ് പോലീസ് ഡോക്ടറെ നാലാം പ്രതിയായി കേസെടുത്തത്.

കുട്ടികള്‍ക്ക് എതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് അറിവായാല്‍ ഉടനെ പോലീസിനെ അറിയിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ക്രൂരമായ പീഡനം നടന്നുവെന്ന് പതിനാലുകാരി മൊഴി നല്‍കിയിട്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നത് പോലീസ് ഗുരുതരമായി കണക്കാക്കി. പോലീസിന്റെ ഈ നിഗമനം കോടതിയും ശരിവെച്ചു. ഡോക്ടറുടെ ഈ നടപടി കുറ്റകരമായ അനാസ്ഥയായിട്ടാണ് കോടതി വിലയിരുത്തിയത്. ഡോക്ടറുടെ പേരില്‍ മുമ്പ് പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്ന വാദം കോടതി ഗൗരവത്തോടെ തന്നെ പരിഗണിച്ചാണ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.