വീണ്ടും മെഗാഷോയുമായി നരേന്ദ്രമോദി; ഇത്തവണ ബാങ്കോക്കില്‍

ന്യൂഡല്‍ഹി: യു.എസ് ഹൂസ്റ്റണിലെ ഹൗഡി മോദി ഷായ്ക്ക് ശേഷം മറ്റൊരു മെഗാഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ബാങ്കോക്കില്‍ സവാസ്ദീ പി.എം മോദി എന്ന പേരിട്ട ഷോയിലാണ് മോദി പങ്കെടുക്കുന്നത്. ബാങ്കോക്കിലെ ഇന്ത്യന്‍ സമൂഹവുമായാണ് മോദിയുടെ അഭിസംബോധന. ആസിയാന്‍ സംഘടിപ്പിക്കുന്ന റീജ്യണല്‍ കോപറേറ്റീവ് കോംപ്രഹന്‍സീവ് എകണോമിക് പാര്‍ട്ണര്‍ഷിപ്പ് (ആര്‍.സി.ഇ.പി) സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി തായ്‌ലാന്‍ഡിലെത്തിയത്. ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയുമായി അടുപ്പം പുലര്‍ത്തുന്ന തായ് ഇന്ത്യക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആശംസയ്ക്കായി തായ് ജനം ഉപയോഗിക്കുന്ന വാക്കാണ് സവാസ്ദീ. സംസ്‌കൃത വാക്കായ സ്വസ്ഥി (ക്ഷേമം) എന്നതില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. സെപ്തംബര്‍ 23നായിരുന്നു യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കൂടി പങ്കെടുത്ത ഹൂസ്റ്റണിലെ ഹൗഡി മോദി. അമ്പതിനായിരം പേരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ബാങ്കോക്കില്‍ ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാര്‍ഷിക ആഘോഷത്തിലും തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറളിന്റെ തായ് പരിഭാഷാ പ്രകാശനച്ചടങ്ങിലും മോദി പങ്കെടുക്കുന്നുണ്ട്.