കടകംപള്ളി സഹകരണ ബാങ്ക് മാനേജരുടെ മരണം; ദുരൂഹത ആരോപിച്ച് ബിജെപി.

കോടികളുടെ കള്ളപണ നിക്ഷേപമുണ്ടെന്ന ആരോപണം ഉയര്‍ന്ന കടകംപള്ളി സഹകരണ ബാങ്കിലെ മാനേജര്‍ ജയശങ്കറുടെ മരണത്തിലാണ് ബിജെപി ദുരൂഹത ആരോപിക്കുന്നത്. സിപിഎം വഞ്ചിയൂര്‍ ഏര്യാകമ്മറ്റി അംഗവും കടകംപള്ളി ബാങ്ക് മാനേജരുമായ വി.എല്‍.ജയശങ്കറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ വീട്ടിനുള്ളില്‍ കസേരയില്‍ മരിച്ച നിലയില്‍ ജയശങ്കറെ കാണുകയായിരുന്നു. ബാങ്കിലെ ഇടാപാടുകളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും പൂര്‍ണ്ണ വിവരം അറിയാമായിരുന്ന ജയശങ്കറുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. സിപിഎമ്മിനുള്ളിലും ഇത് പരിശോധിക്കണമെന്ന് അഭിപ്രായമുളളവര്‍ ഏറെയാണ്.

സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിനും ഭാര്യയ്ക്കും ഇവിടെ കോടികളുടെ നിക്ഷേപമുണ്ടെന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആരോപണം. ഇതിനെ തുടര്‍ന്ന് ബാങ്കില്‍ ആദായ നികുതി വകുപ്പ് പരിശോധനയും നടത്തിയിരുന്നു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ അടുത്ത അനുയായിയായ ജയശങ്കറിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ നോക്കാതെപോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം മുറിയിലെത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജയശങ്കറിന്റെ മൃതദേഹം കണ്ടെതും സംശയാസ്പദമാണ്. അതുകൊണ്ട് തന്നെ സമഗ്രമായ ഒരന്വേഷണം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ജയശങ്കറിന്റെ മരണം സംബന്ധിച്ച് ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്.

ജയശങ്കറിന്റെ മരണത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിനുണ്ടായ തീരാ നഷ്ടം മനസ്സിലാക്കാതെ ആരോണം ഉന്നയിക്കുന്ന ബിജെപി മനുഷ്യത്തരഹിതമായാണ് പെരുമാറുന്നതെന്ന് സിപിഎം തിരുവനന്‍പുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
വിഷയത്തെ രാഷ്ട്രീയമായി നേരിടാനുളള ഒരുക്കത്തിലാണ് സിപിഎം. എന്നാല്‍ അണികളെ ഈ വിഷയം ബോധിപ്പിക്കാന്‍ സിപിഎം നേതൃത്വം ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടി വരും.