ഹരിപ്പാട് മെഡിക്കല്‍ കോളേജിന് പൂട്ടുവീഴുന്നു

ഹരിപ്പാട് മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനകര്‍മ്മം (ഫയല്‍ ചിത്രം)

രമേശ് ചെന്നിത്തലയുടെ സ്വപ്‌ന പദ്ധതി തകരുന്നു

പദ്ധതി ഉപേക്ഷിക്കാന്‍ ആരോഗ്യവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

മറുപടിയില്ലാതെ രമേശ് ചെന്നിത്തല

ചെന്നിത്തലയുടെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് സി.പി.എം

വിവാദത്തിന് മറുപടിയില്ലാതെ ചെന്നിത്തലയും കൂട്ടരും

 

ഹരിപ്പാട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വപ്‌ന പദ്ധതിയായ ഹരിപ്പാട് മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കാന്‍ നീക്കം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യവകുപ്പ് മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടക്കം മുതലേ വിവാദവും അഴിമതിയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ് ഇതോടെ ഇല്ലാതാവുന്നത്.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പൊതു സ്വകാര്യ സംരംഭത്തോടെ രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലമായ ഹരിപ്പാട്ട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള പദ്ധതിയ്്ക്ക് തുടക്കം കുറിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹരിപ്പാട് മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വേണ്ടത്ര പഠനമോ ആലോചനകളോ ഇല്ലാതെ ആരംഭിച്ച ഈ പദ്ധതി മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നായിരുന്നു തുടക്കത്തിലേ ഉയര്‍ന്ന ആരോപണം.

ആലപ്പുഴ മെഡിക്കല്‍ കോളേജിന് മതിയായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ വീണ്ടും തൊട്ടടുത്തു തന്നെ ഒരു മെഡിക്കല്‍ കോളേജ് കൂടി തുടങ്ങുന്നതിന്റെ യുക്തിയെയാണ് പലരും ചോദ്യം ചെയ്തത്. പൊതുസ്വകാര്യ മേഖലയ്ക്ക് ഓഹരി പങ്കാളിത്തമുള്ള സിയാല്‍ മാതൃകയില്‍ മെഡിക്കല്‍ കോളേജ് നിയമിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാഗ്ദാനം. എന്നാല്‍ സര്‍ക്കാരിന് കേവലം 26 ശതമാനം മാത്രമാണ് ഓഹരി പങ്കാളിത്തമെന്ന് പിന്നീട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുകയും ചെയ്തു.

ഇതോടെയാണ് ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്നു തുടങ്ങിയത്. ഹരിപ്പാട് മെഡിക്കല്‍ കോളേജിന് പിന്നില്‍ കച്ചവട താല്‍പര്യമാണെന്ന് ആദ്യം ആരോപണം ഉയര്‍ത്തിയത് ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു.