ചെന്നൈ: തൂത്തുക്കുടി സാത്തന്‍കുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് തമിഴ്നാട് ഡിജിപിക്കും ജയില്‍ മേധാവിക്കും നോട്ടീസ് അയച്ചു.
അന്വേഷണ റിപ്പോര്‍ട്ട് , പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് , ചികിത്സാ രേഖകള്‍, റിമാന്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയവ ഹാജരാക്കാനാണ് നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. എഎസ്പി, ഡിഎസ്പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന് ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന് വെളിപ്പെടുത്തി. അതേസമയം,സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.