നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

    തിരുവനന്തപുരം: കുടിയേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുവെച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസ് നടപടി തടസപ്പെടുത്തിയതിനും കോവിഡ് നിയന്ത്രണം ലംഘിച്ചതിനുമാണ് കേസെടുത്തത്. പെള്ളലേറ്റ് മരിച്ച അമ്പിളിയുടെ ഭര്‍ത്താവ് രാജനെതിരെ നേരത്തെ തന്നെ കേസെടുത്തിരുന്നു. അമ്പിളിയുടെയും രാജന്റെയും ഇളയ മകന്‍ രഞ്ജിത്തും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ചത്. കണ്ടാലറിയാവുന്ന 30തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല.

    ചൊവ്വാഴ്ച രാജന്റെ ഭാര്യ അമ്പിളിയുടെ മൃതദേഹവുമായി പോലീസ് വീട്ടിലേക്ക് വരുമ്പോഴാണ് പ്രതിഷേധമുണ്ടായത്. വീടിന്റെ സമീപത്ത് വെച്ച് നാട്ടുകാര്‍ ആംബുലന്‍സ് തടയുകയായിരുന്നു. ജില്ലാ കളക്ടര്‍ നേരിട്ടെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. നാല് മണിക്കൂറോളം പ്രതിഷേധക്കാര്‍ ആംബുലന്‍സ് തടഞ്ഞ് വെച്ചിരുന്നു. പിന്നീട് കളക്ടറെത്തിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.

    രാജന്റെയും അമ്പിളിയുടെയും മരണവുമായി ബന്ധപ്പെട്ടിട്ട് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പോലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. തിരുവനന്തപുരം റൂറല്‍ എസ് പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

    രാജന്‍ താമസിക്കുന്ന വീടിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ നവജ്യോദ് ഖോസ മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. നെയ്യാറ്റിന്‍കര തഹസീല്‍ദാറിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  ഈ ഭൂമിയില്‍ അയല്‍വാസി വസന്ത ഉന്നയിക്കുന്ന അവകാശ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാനാണ് കളക്ടറുടെ നിര്‍ദ്ദേശം.