പത്തനംതിട്ട: ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ രാത്രി യാത്രക്കാര്‍ക്കു ഭീഷണിയായി കവര്‍ച്ച സംഘങ്ങള്‍. വാഹനത്തിലെത്തി വടിവാള്‍ കഴുത്തില്‍വച്ചു പണം തട്ടിടെയുക്കുകയാണ്. കഴിഞ്ഞ ഒന്നര ആഴ്ചയായി മിക്ക രാത്രികളിലും വഴിയാത്രക്കാര്‍ കൊള്ളയ്ക്ക് ഇരയാകാറുണ്ട്. ചിലര്‍ മാത്രം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 12 ദിവസം മുന്‍പ് മതില്‍ഭാഗം, കാവുംഭാഗം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മൂന്നരയ്ക്ക് വാനിലെത്തിയ യുവാവും യുവതിയും വടിവാള്‍ ഉപയോഗിച്ച് രണ്ടു പേരേ ആക്രമിച്ചിരുന്നു. മൂന്നു ദിവസത്തിനുശേഷം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം കഴിഞ്ഞ നാലു ദിവസങ്ങളായി ദിവസവും കവര്‍ച്ച നടക്കുന്നതായി പരാതിയുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മൂന്നംഗ സംഘം ബൈക്കിലെത്തി നിരണം ഡക് ഫാമിനു സമീപം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന താത്കാലിക ഷെഡില്‍ കയറി മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചു തൊഴിലാളികളുടെ 3000 രൂപയും രണ്ട് മൊബൈല്‍ ഫോണും ബാഗുകളും കവര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നീരേറ്റുപുറം പാലത്തില്‍ മത്സ്യ വില്‍പനക്കാരനെ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്നു. ബൈക്കില്‍ പോകുകയായിരുന്ന ഇയാളെ വാനില്‍ പിന്തുടര്‍ന്ന് പാലത്തില്‍ തടഞ്ഞു നിര്‍ത്തി വടിവാള്‍ കഴുത്തില്‍ വച്ചാണ് പണം തട്ടിയെടുത്തത്. അതിനുശേഷം വൈക്കത്തില്ലം പാലത്തിനു സമീപം മറ്റൊരാളെയും തടഞ്ഞു നിര്‍ത്തി 5000 രൂപ കവര്‍ന്നിരുന്നു. ഇതു രണ്ടും ഒരു സംഘമാണെന്നാണ് നിഗമനം. മുഖം മൂടി ധരിച്ചാണ് ഇവര്‍ എത്തിയതെന്നു കവര്‍ച്ചയ്ക്കിരയായവര്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ ആലംതുരുത്തി പാലത്തിനു സമീപവും ഇതേ സംഭവം നടന്നു. നഷ്ടപ്പെടുന്നത് ചെറിയ തുകയാണെങ്കില്‍ പലരും പൊലീസില്‍ പരാതി നല്‍കാനോ വിവരം പുറത്ത് പറയാനോ തയാറാകുന്നില്ല. അതിഥി തൊഴിലാളികളും ജോലി കളഞ്ഞ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങാന്‍ തയാറാകുന്നില്ല. പൊലീസിന്റെ രാത്രികാല പട്രോളിങ് കുറവായതാണ് അക്രമം വര്‍ധിക്കാന്‍ കാരണമെന്നു നാട്ടുകാര്‍ ആരോപിച്ചു. ലഹരിമരുന്നു വില്‍പന സംഘങ്ങള്‍ വില്‍പന കുറഞ്ഞതോടെ കവര്‍ച്ചയിലേക്കു മാറിയതാകാമെന്നും സംശയമുണ്ട്. സംഭവങ്ങളെല്ലാം നടക്കുന്നത് പുലര്‍ച്ചെ 2നും 4നുമിടയിലാണ് എന്നതാണ് പ്രത്യേകത.











































