ജീവനക്കാരെയാകെ അടച്ചാക്ഷേപിച്ചിട്ടില്ല; കുഴപ്പക്കാർ അഞ്ച് ശതമാനം മാത്രം’: ബിജു പ്രഭാകര്‍

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരെ മൊത്തത്തില്‍ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നമുണ്ടാക്കുന്നത് വെറും 5 ശതമാനം ജീവനക്കാര്‍ മാത്രമാണ്. ഇവര്‍ക്ക് ഒരു യൂണിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂണിയന്‍ നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

    കഴിഞ്ഞ ഏഴു മാസമായി യൂണിയനുകള്‍ നല്‍കിയ നിര്‍ദേശങ്ങളാണ് താൻ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയത്. ഒരുവിഭാഗം ജീവനക്കാര്‍ക്ക് കെഎസ്ആർടിസിയിലെ ജോലി ഒരു നേരംപോക്ക് മാത്രമാണ്. കഴിവില്ലാത്ത ഒരുവിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പ്രശ്‌നം. കെഎസ്ആര്‍ടിസി നന്നാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും എംഡി വ്യക്തമാക്കി.

    കെഎസ്ആര്‍ടിസി ആഭ്യന്തര വിജിലന്‍സ് കാര്യക്ഷമമാകണം. ഡീസല്‍ മോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാണ്‌. മിക്ക ബസ്സുകളിലും ഓഡോമീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല. ചില ഡ്രൈവര്‍മാര്‍ എസിയിട്ട് ബസില്‍ കിടന്നുറങ്ങുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൃത്യമായ ഒരു സംവിധാനമില്ലാത്തതാണ് കെഎസ്ആര്‍ടിസിയുടെ പ്രശ്‌നമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

    യൂണിയനുകളുടെ പ്രതിഷേധം ഉയര്‍ന്നത് തെറ്റിദ്ധാരണ മൂലമാണ്. തുറന്നു പറയേണ്ട കാര്യമുള്ളതിനാലാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കെഎസ്ആര്‍ടിസിയെ സംബന്ധിച്ച കാര്യങ്ങള്‍ പറയേണ്ടത് എംഡിയായ താന്‍ തന്നെയാണെന്നും  ബിജു പ്രഭാകര്‍ വ്യക്തമാക്കി.