ബംഗളൂരു: ആന്ധ്രാപ്രദേശില്‍ അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തിയ വാര്‍ത്ത ഏറെ ചര്‍ച്ചയ്ക്ക് വഴി തുറന്നിരുന്നു. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമ്പോള്‍ മക്കള്‍ പുനര്‍ജനിച്ചെത്തുമെന്ന വിശ്വാസത്തില്‍ മാതാപിതാക്കള്‍ തന്നെ മക്കളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമായ പത്മജ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറഞ്ഞതെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകള്‍ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് തന്നെയും കൊലപ്പെടുത്താന്‍ അമ്മയെ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്താല്‍ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേര്‍ന്ന് അവളെ മടക്കി കൊണ്ടുവരാന്‍ സാധിക്കു എന്നാണ് മകള്‍ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞത്’ യുവതികളുടെ അമ്മയുടെ മൊഴി അനുസരിച്ച് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകളെ ഡംബെല്‍ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ മക്കള്‍ പുനര്‍ജീവിച്ച് വരുമെന്നും തിങ്കളാഴ്ച വരെ മൃതദേഹം അവിടെത്തന്നെ സൂക്ഷിക്കണമെന്ന് പത്മജ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്. പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവര്‍ മക്കള്‍ നഗ്നരായി കിടക്കുകയാണെന്നും ആ അവസ്ഥയില്‍ അവരെ കാണാന്‍ പാടില്ലെന്നുമാണ് അറിയിച്ചത്.
‘ദയവു ചെയ്ത് ഒരു ദിവസം കൂടി എന്റെ മക്കളെ വെറുതെ വിടുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ അടുത്ത ദിവസം കൊണ്ടു പോയ്ക്കൊളു’ എന്നായിരുന്നു ഇവരുടെ വാക്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ഇവിടെ ദൈവം വസിക്കുന്ന ഇടമാണെന്നും ഷൂസ് ധരിച്ച് നടക്കുന്നത് എന്തിനാണെന്നും ഇവര്‍ പൊലീസുകാരോട് ചോദിച്ചിരുന്നു.അന്വേഷണത്തോട് മാതാപിതാക്കള്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടുത്ത അന്ധവിശ്വാസം വച്ചുപുലര്‍ത്തുന്ന ഇവര്‍ ഇപ്പോഴും മക്കളെ കൊല ചെയ്തു എന്ന് വിശ്വസിക്കാന്‍ തയ്യാറാകുന്നില്ല എന്നും പൊലീസ് പറയുന്നു. മക്കളുടെ അന്തിമ ചടങ്ങില്‍ പങ്കെടുക്കാന്‍ പിതാവിന് പൊലീസ് അനുമതി നല്‍കിയിരുന്നു.