നാസിക്: മഹാരാഷ്ട്രയില്‍ 13 വയസുള്ള വിദ്യാർത്ഥിയെ ബന്ധു വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാസിക്കിലെ ജാല്‍ഗാവ് നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് 13 കാരൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
മരണത്തിന് തൊട്ടു മുൻപ് മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരന് സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കുട്ടിക്ക് രക്ഷിതാക്കൾ മൊബൈല്‍ ഫോൺ വാങ്ങി നൽകിയിരുന്നു. ഈ മൊബൈലിലാണ് കുട്ടി മിക്കപ്പോഴും സമയം ചെലവഴിച്ചിരുന്നതെന്ന് ബന്ധു പൊലീസിനോട് പറഞ്ഞു. ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാന്‍ പോകാത്ത ഈ കുട്ടി ഏറെ നേരവും മൊബൈലിൽ പരതുന്ന ശീലമുണ്ടായിരുന്നതായും പറയപ്പെടുന്നു.
കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പൊലീസിനു ലഭിച്ചത്. മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കുട്ടി സന്ദര്‍ശിച്ചതായി കണ്ടെത്തി. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.