‘അദ്ദേഹം വലിയ മനുഷ്യനല്ലേ; മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ’: ഇ. ശ്രീധരനെതിരെ മുഖ്യമന്ത്രി

    തിരുവനന്തപുരം: ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തിലും രാഷ്ട്രീയ പരാമർശത്തിനും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ. ശ്രീധരന്‍ ഒരു മഹാനായ വ്യക്തിയല്ലേ. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താൽപര്യമുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

    ‘ഇ. ശ്രീധരന്‍ ഒരു മഹാനായ വ്യക്തിയല്ലേ, വലിയ ടെക്‌നോക്രാറ്റ്, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ആള്‍. ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

    കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മെട്രോമാന്‍ ഇ. ശ്രീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.

    ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ടുതന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.