ഡ്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിയമംവഴി നോട്ട് അസാധുവാക്കിയതിന്റെ പ്രതിഫലനം വമ്പന്‍ മീഡിയകളിലും കണ്ടുതുടങ്ങി. പ്രമുഖ ദേശീയ ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ആയിരം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇതിന് പുറമേ കൊല്‍ക്കൊത്ത, ഇന്‍ഡോര്‍, ഭോപ്പാല്‍, റാഞ്ചി എഡിഷനുകളും പൂട്ടാന്‍ തീരുമാനിച്ചതായി കമ്പനി പുറത്ത് വിട്ട സര്‍ക്കുലറില്‍ പറയുന്നു. ജനുവരി ഒമ്പത് മുതല്‍ തീരുമാനങ്ങള്‍ നടപ്പാക്കി തുടങ്ങും. ശോഭന ഭാരതിയ നേതൃത്വം നല്‍കുന്ന ബിര്‍ളാ ഗ്രൂപ്പിന്റെ പത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. ഉത്തര്‍പ്രദേശിലെ അലഹബാദ്, വാരണാസി, കാണ്‍പൂര്‍ ബ്യൂറോകള്‍ അടയ്ക്കാനും തീരുമാനിച്ചു. യു.പി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് ജീവനക്കാരെ ഞെട്ടിച്ചു.
അതേസമയം മറ്റ് പല വമ്പന്‍ മാധ്യമസ്ഥാപനങ്ങളും ശമ്പളം കുറയ്ക്കാനും റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം പരസ്യവരുമാനത്തില്‍ വലിയ ഇടിവാണ് ഉണ്ടായതെന്ന് പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉടമകള്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാട് വഴിയുള്ള പരസ്യങ്ങള്‍ വന്‍തോതില്‍ ലഭിക്കുന്നുമില്ല. ഡല്‍ഹിയിലെ ആസ്ഥാന മന്ദിരം ഡിജിറ്റലാക്കുന്നതിന് വലിയ തുക നിക്ഷേപിച്ചത് വഴിയുണ്ടായ സാമ്പത്തിക പ്രശ്‌നം കാരണമാണ് നാല് എഡിഷനുകളും മൂന്ന് ബ്യൂറോകളും പൂട്ടാന്‍ തീരുമാനിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ജീവനക്കാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നാല് എഡിഷനുകളിലും മൂന്ന് ബ്യൂറോകളിലും കൂടി ആയിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതേസമയം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഡല്‍ഹിയിലെ ബ്യൂറോ ഏതാണ്ട് അടച്ച പോലെയാണ്. ഭൂരിപക്ഷം ജീവനക്കാരെയും പുറത്താക്കി. ബിര്‍ള ഗ്രൂപ്പിന്റെ തന്നെ പത്രമായ മിന്റിലെ ജീവനക്കാരെ ഉപയോഗിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്യിക്കാമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ബോസ്റ്റന്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പിന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഡല്‍ഹിയില്‍ മാത്രം 40 ജീവനക്കാരെ പുറത്താക്കാനും കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ അറിയപ്പെടുന്ന മറ്റൊരു മാധ്യമസ്ഥാപനമായ ആനന്ദ ബസാര്‍ പത്രികയുടെ ചാനലില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാകുമെന്നറിയുന്നു. ടെലഗ്രാഫ് പത്രം അഞ്ഞൂറ് പോസ്റ്റുകള്‍ ഇല്ലാതാക്കാനാണ് നീക്കം നടത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം പത്രപ്രവര്‍ത്തക യൂണിയനോ എഡിറ്റേഴ്‌സ് ഗില്‍ഡോ ഇത് അറിഞ്ഞ മട്ടില്ല. അവരൊക്കെ വേറെ പല കാര്യങ്ങളുടെയും പിന്നാലെയാണ്.