കുഞ്ഞാലിക്കുട്ടി നിയമിച്ച ചാക്കിന്റെ ബന്ധുവിനെ തൊടാന്‍ സി.പി.എമ്മിന്  പേടി

    കുഞ്ഞാലിക്കുട്ടി നിയമിച്ച ചാക്കിന്റെ ബന്ധു സുരക്ഷിതന്‍

    ഡി.ജി.പിയെ പോലും മാറ്റിയവര്‍ ചാക്കിന്റെ ബന്ധു അശോക് കുമാറിന്റെ കസേര ഉറപ്പിച്ചു

    വിദ്യാഭ്യാസ യോഗ്യതയിലും സംശയം

    ചാക്ക് സി.പി.എമ്മിലെ എല്ലാവര്‍ക്കും പരമയോഗ്യന്‍

    ചാക്കിന്റെ കാര്യത്തില്‍ വി.എസിനും മൗനം

    -പി.എ. സക്കീര്‍ ഹുസൈന്‍-

    തിരുവനന്തപുരം: ബന്ധുനിയമനത്തിന്റെ പേരില്‍ ഇ.പി ജയരാജനും ഇടത് മന്ത്രിസഭയും വീണ്ടും വിമര്‍ശിക്കപ്പെടുമ്പോഴും ചാക്ക് രാധാകൃഷ്ണനെന്ന വി.എം രാധാകൃഷ്ണന്റെ ബന്ധുവിന് നല്‍കിയ ഉന്നതനിയമനം സുരക്ഷിതമാക്കി സി.പി.എം നേതൃത്വം.

    അബ്കാരിയും വിവാദ വ്യവസായിയുമായ ചാക്ക് രാധാകൃഷ്ണന്റെ മകന്റെ ഭാര്യാപിതാവ് അശോക്കുമാറിനാണ് ബന്ധുനിയമന വിവാദത്തില്‍പ്പെട്ട കണ്ണൂരിലെ കേരള ക്ലേ ആന്‍ഡ് സിറാമിക്‌സ് ലിമിറ്റഡിന്റെ എം.ഡി കസേരയില്‍ സുരക്ഷിത നിയമനമൊരുക്കിയിരിക്കുന്നത്.

    ചാക്ക് രാധാകൃഷ്ണന്‍
    ചാക്ക് രാധാകൃഷ്ണന്‍

    കേരള രാഷ്ട്രീയത്തിലെ ഇടത്- വലത് മുന്നണി നേതാക്കള്‍ക്കിടയിലുള്ള അവിശുദ്ധ ബാന്ധവവും കൂട്ടുകെട്ടും വ്യക്തമാക്കുന്നതാണ് അശോക് കുമാറിന്റെ നിയമനം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയാണ് അശോക് കുമാറിന് കേരള ക്ലേ ആന്‍ഡ് സിറമിക്‌സില്‍ രാഷ്ട്രീയ നിയമനം നല്‍കിയത്.

    കുഞ്ഞാലിക്കുട്ടിയോടൊപ്പം അശോക് കുമാര്‍
    കുഞ്ഞാലിക്കുട്ടിയോടൊപ്പം അശോക് കുമാര്‍

    കോണ്‍ഗ്രസ് പശ്ചാത്തലമുണ്ടായിരുന്ന അശോക് കുമാറിനെ ലീഗിനുള്ളിലെ എതിര്‍പ്പ് പോലും മറികടന്നാണ് അന്ന് സിറാമിക്‌സിന്റെ തലപ്പത്ത് കുഞ്ഞാലിക്കുട്ടി നിയമിച്ചത്. തുടര്‍ന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍നിന്ന് പുറത്തായപ്പോള്‍ രാഷ്ട്രീയമര്യാദയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമനം നേടിയവരെല്ലാം രാജി വച്ചൊഴിഞ്ഞു. എന്നാല്‍ സിറാമിക്‌സ് എം.ഡിയായ അശോക് കുമാര്‍ മാത്രം രാജിവച്ചില്ല.

    ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ നിയമനങ്ങളൊക്കെ റദ്ദാക്കിയിരുന്നു. പൊലീസ് മേധാവിയായിരുന്ന സെന്‍ കുമാറിനെപ്പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്താക്കി. എന്നാല്‍ ചാക്ക് രാധാകൃഷ്ണന്റെ ബന്ധുവായ അശോക് കുമാറിനെ കൂടുതല്‍ സുരക്ഷിതനാക്കുന്ന നടപടികളാണ് വകുപ്പ് മന്ത്രി ഇ.പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്.

    ഇ.പി ജയരാജന്റെ സഹോദരപുത്രി ദീപ്തിയെ സിറാമിക്‌സില്‍ ജനറല്‍ മാനേജരായി നിയമിച്ചത് വിവാദമായതിനെത്തുടര്‍ന്ന് അത് റദ്ദാക്കിയിരുന്നു. അപ്പോഴും യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി നിയമിച്ച അശോക് കുമാറിന് സി.പി.എമ്മും ഇടത് സര്‍ക്കാരും സംരക്ഷണമൊരുക്കി. ബന്ധുനിയമനങ്ങള്‍ ഇത്രയേറെ വിവാദങ്ങള്‍ക്കിടയാക്കിയപ്പോഴും അശോക് കുമാറിന്റെ നിയമനം റദ്ദാക്കാനോ അയാളെ പുറത്താക്കാനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുകയാണ്. വി.എസ് അച്യുതാനന്ദന്‍ പോലും ഇക്കാര്യത്തില്‍ മൗനം പാലിച്ചു.

    വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി.പി.എം നേതാക്കള്‍ക്കുള്ള അവിശുദ്ധ ബന്ധം തുറന്ന് കാട്ടുന്നതാണ് അശോക് കുമാറിന് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണം. കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, ചാക്ക് രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ രാഷ്ട്രീയസദാചരത്തിന് വിരുദ്ധമായ നീക്കുപോക്കുകള്‍ നടത്തുന്നെന്ന കാലങ്ങളായുള്ള ആക്ഷേപം ശരിവയ്ക്കുന്നതുമാണ് ഈ സംഭവം.

    ആയൂര്‍വേദ മരുന്ന് കമ്പനിയുടെ സെയില്‍സ്മാന്‍ മാത്രമായിരുന്ന അശോകുമാറിന്റെ യോഗ്യതകള്‍ സംബന്ധിച്ച് ജീവനക്കാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇയാളുടെ നിയമനവും റിയാബ് നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. എം.ബി.എ ബിരുദമുണ്ടെന്ന് ബയോഡേറ്റയില്‍ പറയുമ്പോഴും അതിലും തട്ടിപ്പുണ്ടെന്നാണ് ആക്ഷേപം.