ഒരു ആരാധകൻ്റെ തൂങ്ങി മരണം ( കവിത -ജംഷീന )

നിന്നോട് അയാൾക്കെന്നും
വല്ലാത്ത പ്രിയമായിരുന്നു,
നിൻ തടിയിലൊന്ന് പിടിച്ച്
കയറാൻ,
നിൻ ചില്ലകളിൽ ചാടിച്ചാടി
നടക്കാൻ,
നിന്നിൽ നിന്നും കൊഴിഞ്ഞ
ഇലകളെ ഡയറിയിൽ ചേർത്ത്
വെക്കാൻ…
എന്തിന്
നിന്നെ വെറുതെയങ്ങനെ
നോക്കിയിരിക്കുന്നത് പോലും
അയാൾക്ക് ഹരമായി തീർന്നിരുന്നു…

അങ്ങനെ സർവ സിരകളിലും
നീയെന്ന വിചാരം മാത്രമായിരിക്കുമ്പോൾ,

തൻ ബീജങ്ങളെ പെറ്റു
കൂട്ടിയ ഇവളെയും
ജനനിയെയും അയാൾ മറന്നു
കാണണം…

അതുകൊണ്ട് തന്നെയാകണം,
നിൻ പതനം കേട്ടയന്ന് തന്നെ

ഞങ്ങൾ നാലഞ്ചത്തിൻ്റെ ആത്മാക്കൾക്ക് വ്രണമേൽപ്പിച്ചയാൾ,

നിൻ ചില്ലകളിലൊന്നിൽ നിന്നും
താഴോട്ട് നീണ്ടു കിടന്നിരുന്ന
വള്ളികളിൽ തൂങ്ങി
ജീവനൊടുക്കിയത്!