ആറന്മുളയില് വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ വിദൂര സാധ്യത പോലുമില്ലെന്നും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് അനുമതി നേടിയെന്നു കണ്ടാണ് കെജിഎസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കന്പനിക്കു നല്കിയ അനുമതി പിന്‍വലിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആറന്മുള വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ തത്ത്വത്തിലുള്ള അംഗീകാരം റദ്ദാക്കിയതിനെതിരെ വിമാനത്താവള കന്പനി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത്.
എയര്‍പോര്‍ട്ടിനായി തങ്ങളുടെ പക്കല്‍ 350 ഏക്കര്‍ സ്ഥലമുണ്ടെന്നു കാണിച്ചാണ് കെജിഎസ് ആറന്മുള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയത്. എന്നാല്‍ ഇവരുടെ കൈവശം 309 ഏക്കര്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ 200 ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തടത്തിന്റെ പരിധിയില്‍ വരുന്നതാണ്.
നിയമവിരുദ്ധമായാണ് അനുമതി നേടിയതെന്ന് കണ്ടതോടെ വ്യവസായ മേഖലയാക്കി വിജ്ഞാപനം ചെയ്തതു റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. കൂടാതെ എയര്‍പോര്‍ട്ടിന് സര്‍ക്കാര്‍ തത്ത്വത്തില്‍ നല്കിയ അനുമതി റദ്ദാക്കിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
 
            


























 
				
















