നക്‌സലൈറ്റ് വര്‍ഗ്ഗീസിന്റെ മരണം: യു.ഡി.എഫ് സര്‍ക്കാരിന്റെ തെറ്റി എല്‍.ഡി.എഫ് സര്‍ക്കാര്‍ തിരുത്തുന്നു; വര്‍ഗ്ഗീസ് മരിച്ചത് വ്യാജ ഏറ്റുമുട്ടലില്‍ തന്നെ

നക്സെലെറ്റ് നേതാവ് വര്‍ഗീസ് കൊടുംകുറ്റവാളിയായിരുന്നെന്നും പോലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നുമുള്ള വിവാദ നിലപാട് സംസ്ഥാനസര്‍ക്കാര്‍ തിരുത്തി. വര്‍ഗീസിനെക്കുറിച്ച്‌ ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റി പുതിയതു നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാട്ടിലെ വ്യാജഏറ്റുമുട്ടലിലാണു വര്‍ഗീസിനെ വധിച്ചതെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ബന്ധുക്കള്‍ െഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ വർഷം  ജൂലൈയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് 1970-കളിലെ നിരവധി കൊലപാതക/കവര്‍ച്ചാ കേസുകളില്‍ വര്‍ഗീസ് പ്രതിയായിരുന്നെന്നും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നും പരാമര്‍ശിച്ചത്.
വര്‍ഗീസിന്‍റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീസ് കേസിലെ കോടതിവിധിക്കു വിപരീതമായ നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചത്.
വര്‍ഗീസിനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു കോടതി കണ്ടെത്തിയിരുന്നു. വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലല്ലെന്നും ബന്ധനസ്ഥനാക്കി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ 1998-ല്‍ വെളിപ്പെടുത്തി.
ഇതേത്തുടര്‍ന്ന് മുന്‍ ഐ.ജി: കെ. ലക്ഷ്മണയെ കുറ്റക്കാരനെന്നു കണ്ടെത്തി ജീവപര്യന്തം തടവിനു വിധിച്ചിരുന്നു. വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ സത്യവാങ്ങ്മൂലം യുഡിഎഫിന്റെ കാലത്ത് നിയമിക്കപ്പെട്ട ഗവൺമെന്റ് പ്ലീഡർ അതേപടി നൽകുകയായിരുന്നു. സര്‍ക്കാരിന്‍റെ സത്യവാങ്മൂലം സംബന്ധിച്ചു കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ റോജി എം. ജോണ്‍ മുഖ്യമന്ത്രിയോടു ചോദ്യമുന്നയിച്ചിരുന്നു.
വര്‍ഗീസ് കൊടുംകുറ്റവാളിയാണെന്ന അഭിപ്രായത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. കഴിഞ്ഞദിവസം നിയമസഭാ വെബ് സൈറ്റില്‍ മുഖ്യമന്ത്രി ഇതിനുള്ള ഉത്തരം നല്‍കി.
അക്കാലത്തെ പോലീസ് രേഖകള്‍ പ്രകാരമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കിയതെന്നും അതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.