ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും കടുത്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു; ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. കേസില്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. അദ്ദേഹത്തെ പുറത്താക്കാന്‍ മുറവിളി ഉയര്‍ന്നപ്പോള്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഐബി ഉദ്യോഗസ്ഥരും മലയാളിയായ മാത്യു ജോണും ആര്‍.ബി ശ്രീകുമാറും കടുംപിടിത്തം പിടിച്ചതായി അദ്ദേഹം വ്യക്തമാക്കി.

തെളിവില്ലെന്ന് അറിയിച്ചെങ്കിലും ചാരവൃത്തിയില്‍ തെളിവൊന്നും ആവശ്യമില്ലെന്നായിരുന്നു ഐബി നിലപാടെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. രമണ്‍ ശ്രീവാസ്തവയുടെ കാര്യം വന്നപ്പോള്‍ ഞാന്‍ എതിര്‍ത്തുകൊണ്ടിരുന്നു. ”വ്യക്തമായ തെളിവില്ലാതെ അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ല. അദ്ദേഹത്തിന്റെ വീടും ഓഫീസും പരിശോധിക്കാനും പറ്റില്ല.’ ഇതില്‍ ഞാനുറച്ചുനിന്നു, അദ്ദേഹം വ്യക്തമാക്കി.

“രാജ്യസുരക്ഷയാണ് മുഖ്യം. വ്യക്തിപരമായ കാര്യങ്ങള്‍ അതിനൊന്നും വിലങ്ങുതടിയാവാന്‍ പാടില്ല,’ ഐ.ബി. ഉദ്യോഗസ്ഥനായ ദിലീപ് ത്രിപാഠി ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു. “ഐ.ബിയുടെ ഭാഗത്തുനിന്നും ഇത്രയും സമ്മര്‍ദ്ദതന്ത്രം ഞാന്‍ പ്രതീക്ഷിച്ചില്ല. രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുന്നതിന് എന്തു കാരണമാണുള്ളത് എന്ന എന്റെ ചോദ്യത്തിന്, അതിന്റെ ചര്‍ച്ചയൊന്നും ആവശ്യമില്ലെന്നായിരുന്നു മറുപടി. ഐ.ബി. പറയുന്നതുമാത്രം വിശ്വസിച്ചു മേല്‍നടപടിയെടുക്കുക ഞങ്ങള്‍ക്കു സാധ്യമല്ല. ഡി.ജി.പി.യുടെ മൗനം ഞങ്ങളെയാണ് പിടിച്ചുലച്ചത്,” സിബി മാത്യൂസ് പറയുന്നു.

പൊലീസ് ആസ്ഥാനത്തെ കൂടിക്കാഴ്ച്ചയില്‍ സിബിഐ അന്വേഷണത്തിന് താനാണ് ആവശ്യപ്പെട്ടതെന്നും ശ്രീവാസ്ത്വ നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച്ച പുറത്തിറങ്ങാനിരിക്കുന്ന നിര്‍ഭയം എന്ന ആത്മകഥയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍