കോട്ടയത്ത് ഐപിഎസ് യുദ്ധം: എസ്പിയും വനിതാ എഎസ്പിയും നേര്‍ക്കുനേര്‍

കോട്ടയം: കോട്ടയത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അങ്കം നേര്‍ക്കുനേര്‍. ഒരാഴ്ച മുമ്പ് കോട്ടയത്തുണ്ടായ സംഭവമാണ് ജില്ലാ പോലീസ് മേധാവിയും എഎസ്പി ട്രയിനിയും തമ്മിലുള്ള അങ്കം മറനീക്കി പൊതുജനമധ്യത്തിലെത്താന്‍ കാരണമായത്. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കുന്ന ട്രെയിനി എഎസ്പി ചൈത്രാ തേരേസാ ജോണും ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രനും തമ്മിലുള്ള പോര് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

മദ്യപിച്ചു വാഹനം ഓടിച്ച പ്രമുഖപത്രസ്ഥാപനത്തിലെ ഉദ്യോഗസ്ഥനെതിരെ എഎസ്പി ചൈത്രാ തേരേസാ ജോണ്‍ കേസെടുത്തതാണ് സംഭവങ്ങള്‍ക്ക് തുടക്കം. രാത്രികാല വാഹനപരിശോധനയുടെ ഭാഗമായി ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഞ്ഞിക്കുഴി ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് അളവിൽ കൂടുതൽ മദ്യപിച്ചുവെന്ന കാരണത്താല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്.

പത്രജീവനക്കാരനാണെന്നു പറഞ്ഞ് തന്‍റെ തിരിച്ചറിയൽ കാർഡ് എഎസ്പിയെ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. പത്രപ്രവര്‍ത്തകരും പോലീസ് മേധാവിയും നേരിട്ടു വിളിച്ചിട്ടും തന്‍റെ നിലപാട് മാറ്റാൻ ചൈത്ര തയ്യാറായില്ല. കേസെടുത്ത ശേഷമാണ് എഎസ്പി പിന്‍വാങ്ങിയത്.

ഇതിനു പിന്നാലെയാണ് എഎസ്പിയുടെ പഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ എ.ആർ ക്യാംപിലേയ്ക്കു സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ്. മദ്യപിച്ച് വാഹനമോടിച്ചയാളെ വെറുതെ വിടാന്‍ പറഞ്ഞത് അനുസരിക്കാത്ത തന്നോടുള്ള പകരം വീട്ടലായാണ്  ചൈത്ര ഇതിനെ കണ്ടത്. ഇത് അടുത്ത പൊട്ടിതെറിക്കു കാരണമായി. തന്‍റെ നടപടിയില്‍ തെറ്റുണ്ടെങ്കില്‍ തനിക്കെതിരെയാണ് അല്ലാതെ തന്‍റെ ഒപ്പമുള്ള പൊലീസുകാർക്കെതിരെയല്ല, നടപടിയെടുക്കേണ്ടതെന്ന ചൈത്രയുടെ പ്രതികരണം ജില്ലാ പൊലീസ് മേധാവിയെ വെട്ടിലാക്കി.

പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനു പിന്നാലെ, പൊലീസ് ക്ലബിൽ നിന്നു ചൈത്രയുടെ പഴ്സും, മൊബൈൽ ഫോണും മോഷണം പോയെന്ന രീതിയിൽ പത്രത്തില്‍ വാർത്തയും വന്നു. ഇതോടെ സംഭവം വീണ്ടും കൊഴുത്തു. ജില്ലാ പൊലീസ് മേധാവിയോട് തന്‍റെ കൂടെയുള്ള പോലീസ്കാര്‍ക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നു വ്യക്തമാക്കണമെന്നു ചൈത്ര ആവശ്യപ്പെട്ടിരിക്കുകയാണ്.

എഎസ്പിയുടെ കോൺഫിഡൻഷ്യൽ സർവീസ് റിപ്പോർട്ടുകൾ തയ്യാറാക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയാണെന്നിരിക്കെയാണ് ട്രെയിനിയായ ഐഎപിഎസ് ഉദ്യോഗസ്ഥ പൊട്ടിത്തെറിച്ചത്. പ്രമുഖപത്രത്തിനു മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൈത്ര വ്യത്യസ്ഥയായതിനെ കയ്യടിച്ചാണ് ജില്ലയിലെ സാധാരണക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രമോഷനിലൂടെ ഐപിഎസ് സ്ഥിരീകരിച്ച ജില്ലാ പോലീസ് മേധാവിയും നേരിട്ട് ഐപിഎസ് നേടിയ എഎസ്പിയും തമ്മിലുള്ള ഈഗോയാണ് പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും സംസാരമുണ്ട്.