തിരുവനന്തപുരത്ത് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

ദ്യലഹരിയിൽ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പൂന്തുറ ആറ്റിൻപുറം വീട്ടിൽ ജോസഫാണ് പിടിയിലായത്.

ഗുരുതരമായി പൊള്ളലേറ്റ ഭാര്യ നിർമലയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം.
മത്സ്യതൊഴിലാളിയും ആറുമക്കളുടെ പിതാവുമായ ജോസഫ് മദ്യപിച്ചെത്തി സംശയത്തിന്റെ പേരിൽ ഭാര്യയെ അസംഭ്യം പറയുന്നതും മർദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച രാത്രിയും ഇങ്ങനെയെത്തിയ ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഭാര്യയുടെ തലയിലേക്കൊഴിച്ച് തീകൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. നിർമലയുടെ നിലവിളികേട്ട് ഉണർന്ന മക്കളും ബന്ധുക്കളും ചേർന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്.

ശംഖുംമുഖം എ.സി അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പൂന്തുറ സി.ഐ കെ.ബി.മനോജ്കുമാർ, എസ്.ഐ.ഹേമന്ദ് കുമാർ,ക്രൈം എസ്.ഐ.മാരായ രാമചന്ദ്രൻ, രത്നൻ,എ.എസ്.ഐ ശശാങ്ക്കുമാർ,സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജോസഫിനെതിരെ വധശ്രമത്തിന് കേസെടുത്തു.