ഇറാനില്‍ മൂന്നിടങ്ങളില്‍ ഭീകരാക്രമണം: രണ്ട് മരണം

ഇറാന്‍ പാര്‍ലെമെന്റില്‍ വെടിവെയ്പ്പ്. തോക്കുധാരികളായ മൂന്നു പേരാണ് പാര്‍ലമെന്റില്‍ വെടിവെയ്പ്പ് നടത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആക്രണണത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ബ്ലോക്ക് അടച്ചതായും പാര്‍ലമെന്റ് വളപ്പിലേക്കുള്ള പ്രവേശനം തടയുന്നതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ആക്രമികളുടെ എണ്ണം സംബന്ധിച്ചും വത്യസ്തമായ റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. തോക്കു ധാരിയായ ഒരാള്‍ മാത്രമേ ആക്രമണത്തിന് പിന്നിലുള്ളൂവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ഇറാനിയന്‍ മാധ്യമമായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മൂന്നോ നാലോ പേരുള്ള അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇറാനിലെ തന്നെ അയാട്ടള്ളാ കൊമെയ്‌നി സ്മാരകത്തിന് സമീപത്തും  ഇന്ന് വെടിവെയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.