വിവാദമായി സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആര്‍ഭാട വിവാഹം

നാട്ടികയുടെ സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ വിവാഹം വിവാദത്തിലേക്ക്. വിവാഹങ്ങള്‍ ലളിതമായിരിക്കണമെന്ന സി.പി.എം നിലപാടിന് വിരുദ്ധമാണ് ഇത്. സര്‍വാഭരണ വിഭൂഷിതയായ വധുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ കടുത്തവിമര്‍ശനവുമായി ഇടതു അണികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗുരുവായൂരായിരുന്നു കല്യാണം. പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരേയും  വിവാഹത്തിന് ക്ഷണിച്ചിരുന്നു. നിയമസഭയില്‍ ആഡംബര വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുല്ലക്കര രത്‌നാകരന്‍ കല്യാണ ധൂര്‍ത്തിനെതിരെ കത്തിക്കയറുമ്പോള്‍ അടുത്തിരുന്ന് ഡെസ്‌കില്‍ അടിച്ച് പ്രോത്സാഹിപ്പിച്ച നേതാവാണ് ഗീതാ ഗോപി. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിലെ ധൂര്‍ത്ത് ചര്‍ച്ചയാകുന്നത്.

1536245ad

എം.എല്‍.എയുടെ മകളുടെ വിവാഹം സി.പി.ഐ നേതൃയോഗവും ചര്‍ച്ച ചെയ്യും. വിവാഹങ്ങളുടെ കാര്യത്തില്‍ മാതൃക സ്വയം സൃഷ്ടിക്കേണ്ടതാണെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ആര്‍ഭാട വിവാഹം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണം. ഇത്തരം വിവാഹങ്ങളില്‍നിന്നു ഒഴിഞ്ഞുനില്‍ക്കണം എന്നു മുല്ലക്കര ആവശ്യപ്പെട്ടപ്പോള്‍, അവിടെ ചെന്നാലല്ലേ അത് ആര്‍ഭാടമാണോ, അനാര്‍ഭാടമാണോ എന്ന് അറിയാന്‍ കഴിയൂ എന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള സിപിഐ. നേതാവാണ് ഗീത ഗോപി. 1995 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ നാട്ടിക നിയമസഭാമണ്ഡലത്തില്‍നിന്നും രണ്ടാം തവണയാണ് എം.എല്‍.എയാകുന്നത്. 2004 മുതല്‍ സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം, 2004 ലും 2009ലും ഗുരുവായൂര്‍ നഗരസഭയുടെ ചെയര്‍പേഴ്‌സണ്‍, 2011 ല്‍ ഗുരുവായൂര്‍ നഗരസഭയുടെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായിരുന്നു. മഹിളാ സംഘം ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. സി.പി.ഐയുടെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് എം.എല്‍.എയായ നേതാവാണ് ഗീതാ ഗോപി.

154fb8733

വിവാഹത്തിന് മുല്ലക്കര രത്നാകരന്‍ പങ്കെടുത്തില്ലെന്നാണ് സൂചന. ആഡംബര വിവാഹത്തിനെ എതിര്‍ക്കുമെന്ന നിലപാടിലാണ് ഇപ്പോഴും മുല്ലക്കര. അദ്ദേഹം ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാനും സാധ്യതയുണ്ട്. അതിനിടെ കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇത്തരമൊരു കല്യാണത്തിന് എം.എല്‍.എ വഴങ്ങിയതെന്നും സൂചനയുണ്ട്. മകളുടേത് പ്രണയ വിവാഹമെന്നാണ് അറിയുന്നത്. സാധാരണ കുടുംബത്തിലെ വരനാണ് മിന്നുകെട്ടിയത്. ഏതായാലും സി.പി.ഐയ്ക്ക് സോഷ്യല്‍ മീഡിയാ ചര്‍ച്ചയില്‍ വലിയ തിരിച്ചടിയാവുകയാണ് ഈ കല്യാണം. കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിന്റേയും ബിജു രമേശിന്റേയും മക്കളുടെ ആര്‍ഭാട വിവാഹം വിവാദമാക്കിയതില്‍ സി.പി.ഐയ്ക്കും വലിയ പങ്കുണ്ടായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇത് സഭയുടെ പൊതു വികാരമായി ഉയരുകയും ചെയ്തു. കേരളീയ സമൂഹത്തിന്റെ വിവാഹം സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരുത്തിയാലേ ആര്‍ഭാട വിവാഹം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷനേടാനാവൂ. ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നാട്ടുനടപ്പെന്ന നിലയില്‍ നിര്‍ധന കുടുംബങ്ങള്‍ പലപ്പോഴും കിടപ്പാടം വിറ്റും കടംവാങ്ങിയും വിവാഹം നടത്തേണ്ടിവരുന്നു. ചിലവേറിയ വിവാഹാഘോഷങ്ങളില്‍ നിന്നും ഇതിനാവശ്യമായ ഫണ്ട് പിരിച്ചെടുക്കാന്‍ മംഗല്യനിധി സെസ് പിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഈ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തടഞ്ഞു. കേരള ആഡംബര നികുതി നിയമപ്രകാരം സംസ്ഥാനം ആഡംബരങ്ങള്‍ക്കുമേല്‍ നികുതി ചുമത്തിയിരുന്നു. ജൂലൈ മാസം ഒന്നുമുതല്‍ ജി.എസ.്ടി നിയമം പ്രാബല്യത്തില്‍ വരുകയും ആഡംബരനികുതി അതിലേക്ക് ലയിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതെല്ലാം കൈയടിച്ച് അംഗീകരിച്ച എം.എല്‍.എയാണ് ഗീതാ ഗോപി. സി.പി.ഐയുടെ പൊതു നിലപാടും ഇത് തന്നെയാണ്. സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ കല്യാണത്തിലെ ലാളിത്യം ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി ആഡംബര വിവാഹങ്ങളെ അപലപിച്ചത്. ഈ സാഹചര്യത്തിലാണ് ഗീതാ ഗോപിയുടെ മകളുടെ വിവാഹം ചര്‍ച്ചയാകുന്നതും.