വോട്ടിംഗ് ക്രമക്കേട്; തെളിവുകളുമായി കെ സുരേന്ദ്രന്‍ കോടതിയില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിംഗ് ക്രമക്കേടിനു തെളിവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മണ്ഡലത്തിലില്ലാവരും വോട്ട് രേഖപ്പെടുത്തി എന്ന ആരോപണം സാധൂകരിക്കാന്‍ പോന്ന ചില തെളിവുകള്‍ കെ.സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കി.

2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദ് 2016 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപെ്പടുത്തിയതായി റിട്ടേണിങ് ഓഫിസറായ പി.എച്ച്.സിനാജുദ്ദീന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയിരുന്നു. ഈ
മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെ ഹര്‍ജിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതിയെത്തിയതും മണ്ഡലത്തിലെ ഏതാനും വോട്ടര്‍മാരെ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചതും. ഇതുപ്രകാരം പത്തു പേര്‍ക്ക് കോടതി സമന്‍സയച്ചിരുന്നു. ഇതില്‍ രണ്ടു പേര്‍ കോടതിയില്‍ ഹാജരാവുകയും

വോട്ട് ചെയ്തിട്ടില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഭീഷണി മുലം മറ്റ് നാലു പേര്‍ക്ക് സമന്‍സ് എത്തിക്കാന്‍ കഴിഞ്ഞില്ലെന്ന് സമന്‍സ് എത്തിക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍  കോടതിയെ അറിയിച്ചു. ഇതോടെയാണ് കേസിലെ കക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പൊലീസ് സഹായം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ പേരില്‍ കളളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ.സുരേന്ദ്രന്‍െറ ആരോപണം.

ഈ ആരോപണം പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ മുസ്ലിം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ  തിരഞ്ഞെടുപ്പ് അസാധുവാക്കാനോ, കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി  സ്ഥാനാര്‍ഥിയായിരുന്ന കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.