എരുമേലി എയര്‍പോര്‍ട്ട് ഇടത് സര്‍ക്കാരിന് സോളാര്‍ ആകുമോ? 

തലസ്ഥാനത്തെ ചില മാധ്യമ സിംഹങ്ങള്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍

പത്തനംതിട്ടയില്‍ പത്രക്കാര്‍ക്കായി ഭവനസമുച്ചയം

കൈരളി ടിവിയുടെ റാന്നി മെഗാസ്റ്റാര്‍ ഷോ സ്‌പോണ്‍സര്‍ ചെയ്തതെന്തിന് 

പഠനറിപ്പോര്‍ട്ടിന്റെ ആധികാരകത സംസ്ഥാന സര്‍ക്കാരോ കേന്ദ്ര വ്യോമയാന മന്ത്രാലയമോ അംഗികരിച്ചതായി അറിവില്ല.

ആരുടെ നിര്‍ദ്ദേശപ്രകാരമാണ് വിമാനത്താവളത്തിന് വേണ്ടിയുള്ള പഠന റിപ്പോര്‍ട്ട് തയാറാക്കിയത്

ഇടപാടുകളില്‍ ദുരൂഹത

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ പത്തനംതിട്ടയിലെ എരുമേലിയില്‍ വിമാനത്താവള പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്ന ‘ഇന്‍ഡോ – ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഇടപെടലുകളിലും പ്രവര്‍ത്തനത്തിലും ദുരൂഹത. ഒരു കാലത്തും ഒന്നിച്ച് നില്‍ക്കാത്ത സി.പി.എമ്മും ബി.ജെ.പിയും എരുമേലി വിമാനത്താവളത്തിന് വേണ്ടി തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ദുരൂഹമാണ്.

ഇന്‍ഡോ – ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് എന്ന പേരിലുള്ള കമ്പനിയാണ് വിമാനത്താവള പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നതെങ്കിലും ആറന്മുള വിമാനത്താവള പദ്ധതിയുമായെത്തി പിന്‍വാങ്ങേണ്ടിവന്ന കെ.ജി.എസ് ഗ്രൂപ്പാണ് പുതിയ കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന സംശയവും ശക്തമാണ്. അറന്മുളയില്‍ സംഭവിച്ച പിഴവ് ഒഴിവാക്കാന്‍ വളരെ ശ്രദ്ധയോടെയാണ് കമ്പനി നീങ്ങുന്നത്. ഇതിന്റെ ഭാഗമായി എല്ലാ രാഷ് ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ വിമാനത്താവളത്തിന് അനകൂലമാക്കിയിട്ടുണ്ട്.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയോ ഏജന്‍സികളുടെയോ പഠനമോ അനുവാദമോ ഇല്ലാതെ തട്ടിക്കൂട്ടിയ ഒരു റിപ്പോര്‍ട്ടുമായാണ് ഇന്‍ഡോ – ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് എന്ന കമ്പനി വിമാനത്താവളവുമായി രംഗത്തിറങ്ങിയിക്കുന്നത്. കമ്പനിക്ക് പിന്നില്‍ ആരെന്നോ ആരൊക്കെയാണ് നിക്ഷേപകരെന്നോ വ്യക്തമല്ല. രംഗത്തിറങ്ങിയിരിക്കുന്നവര്‍ ഇതിന് മുമ്പ് അറിയപ്പെടുന്ന വ്യവസായികളോ വ്യവസായ സംരംഭങ്ങളില്‍ പങ്കാളി ആയവരോ അല്ലെന്നതും സംശയകരമാണ്. യു.ഡി.എഫ് സര്‍ക്കിന്റെ കാലത്ത് സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത തട്ടിപ്പ് കമ്പനികളുടെ വിശ്വാസ്യതപോലും ഇവര്‍ക്കില്ലെന്നും വ്യക്തം. ഇത്തരത്തില്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത സരിത എസ്.നായരുടെയും ആര്‍.ബി നായരെന്ന ബിജു രാധാകൃഷ്ണന്റെയും ടീം സോളാര്‍ എന്ന കമ്പനിയാണ് യു.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പൊതുജനമധ്യത്തില്‍ നാറ്റിച്ചത്.

ആറന്മുള വിമാനത്താവളത്തിനെതിരെ ശക്തമായ ജനവികാരമുണര്‍ത്തി വിട്ടത് മാധ്യമങ്ങളായിരുന്നതില്‍ പുതിയ കമ്പനി, പത്രങ്ങളെയും ചാനലുകളെയും മാധ്യമപ്രവര്‍ത്തകരെയും വിലയ്‌ക്കെടുക്കുകയെന്ന തന്ത്രമാണ് ഇപ്പോള്‍ പയറ്റുന്നത്. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. നിരന്തരം അഴിമതിക്കെതിരെ പോരാടുന്ന പത്രങ്ങളോ ചാനലുകളോ വിമാനത്താവളത്തിന് പിന്നിലെ തട്ടിപ്പുകളെ സംബന്ധിച്ച് മിണ്ടാതിരിക്കുന്നതും സംശയകരമാണ്. അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നെന്ന് അവകാശപ്പെടുന്ന പി.സി ജോര്‍ജിനെപ്പോലും വിമാനത്താവളത്തിന്റെ വക്താവായി മാറ്റിക്കഴിഞ്ഞു.

തലസ്ഥാനത്തെ പത്രപ്രവര്‍ത്തകര്‍ കൈപ്പറ്റിയത് ലക്ഷങ്ങള്‍

എരുമേലി വിമാനത്താവളത്തിനെതിരായ വാര്‍ത്തകള്‍ മുക്കാന്‍ തലസ്ഥാനത്തെ പ്രമുഖ പത്രപ്രവര്‍ത്തകര്‍ ഇന്‍ഡോ – ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് കമ്പനിയില്‍നിന്ന് കൈപ്പറ്റിയത് ലക്ഷങ്ങള്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പെയ്ഡ് ന്യൂസെന്ന് അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രസമ്മേളനത്തിനിടെ ആക്ഷേപിച്ച തലസ്ഥാനത്തെ പ്രമുഖ മാധ്യമ സിംഹം 15 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സൂചന. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന പോലെ ഈ സിംഹത്തിന്റെ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ വിമാനത്താവളത്തെ പ്രകീര്‍ത്തിച്ച് അഞ്ച് കോളത്തിലാണ് പിറ്റേദിവസം അച്ച് നിരത്തിയത്. പാര്‍ട്ടി ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും ഇത്തരത്തില്‍ ലക്ഷങ്ങളാണ് കമ്പനി കൈമാറിയത്. ഇതില്‍തന്നെ പ്രത്യേകമായി പണം കൈപ്പറ്റിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഈ സ്ഥാപനങ്ങളിലുണ്ട്. ഈ വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകരാരും തന്നെ ഇത്തരമൊരു പഠനത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തിട്ടില്ല. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് വിമാനത്താവളത്തിനായി ഇത്തരമൊരു റിപ്പോര്‍ട്ട് സൃഷ്ടിക്കപ്പെട്ടതെന്നു പോലും ആരാഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര വ്യോമയാന മന്ത്രാലയമോ ഈ റിപ്പോര്‍ട്ടിന്റെ ആധികാരികതയെ അംഗീകരിച്ചതായി അറിവുമില്ല.

അടുത്തിടെ സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ടി.വി പത്തനംതിട്ടയിലെ റാന്നിയില്‍ സംഘടിപ്പിച്ച റാന്നി മെഗാഷോ എന്ന പരിപാടിയുടെ പ്രധാന സംഘാടകരും ഇന്‍ഡോ – ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസ് കമ്പനിയായിരുന്നു. പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ ഭാഗമായി 40 ലക്ഷം രൂപയാണ് കമ്പനി ചെലവഴിച്ചത്.

കടക്കെണിയിലായി അറസ്റ്റിലാകുകയും തെരഞ്ഞെടുപ്പ് കാലത്ത് കിണറ്റിലിറങ്ങുകയും ചെയ്ത ഒരു പ്രമുഖന്റെ ചാനലിനും ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ മുഖപത്രത്തിനും ചാനലിനും പരസ്യവും കിമ്പളവുമായി നല്ല തുക കൊടുത്തെന്നാണ് അറിവ്. തലസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും രഹസ്യമായും പരസ്യമായുമൊക്കെ കമ്പനി അധികൃതര്‍ വേണ്ടപോലെ കൈകാര്യം ചെയ്തിട്ടുണ്ട്.

പത്തനംതിട്ടയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പാക്കേജ്

വിമാനത്താവളം ഉയരുന്നത് പത്തനംതിട്ട കേന്ദ്രീകരിച്ചായതുകൊണ്ടിതന്നെ അവിടുത്തെ ചെറുതും വലുതുമായ പത്രങ്ങളെയും ജീവനക്കാരെയും പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനുള്ള പാക്കേജിനാണ് കമ്പനി രൂപം നല്‍കിയിരിക്കുന്നത്. ഈ പാക്കേജിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കായി നിര്‍മ്മിക്കുന്ന ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണച്ചെലവ് ഏറ്റെടുക്കാമെന്നാണ് വാഗ്ദാനം. അതേസമയം പാക്കേജിന് പുറമെ ഒറ്റയ്ക്കും കൂട്ടമായും കമ്പനി അധികൃതരില്‍നിന്ന് ചില്ലറ കൈപ്പറ്റുന്ന സ്ഥിരം പുള്ളികളും സജീവമാണ്. എന്നാല്‍ ഇതൊന്നും അറിയുകയോ പാരിതോഷികങ്ങള്‍ കൈപ്പറ്റുകയോ ചെയ്യാത്ത ഏതാനും മാധ്യമപ്രവര്‍ത്തകരും പത്തനംതിട്ടയിലുണ്ട്.

ലക്ഷ്യം തട്ടിപ്പല്ലെങ്കില്‍ പണമെറിയുന്നതെന്തിന്? 

ഇന്‍ഡോ – ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഏറോപോളിസിന്റെ ലക്ഷ്യം എരുമേലി എയര്‍പോര്‍ട്ട് ആണെങ്കില്‍ അതിന് കമ്പനി അധികൃതര്‍ വളഞ്ഞവഴികള്‍ സ്വീകരിക്കുന്നതാണ് പദ്ധതിയെ സംശയനിഴലിലാക്കുന്നത്. പദ്ധതി രൂപരേഖ വ്യക്തമാക്കുകയോ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയോ ചെയ്യാതെ പണവും സ്വാധീനവുമുപയോഗിച്ച് മാധ്യമങ്ങളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതാണ് സംശയത്തിനിട നല്‍കുന്നത്. ബിഷപ്പ് യോഹന്നാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി കണ്ടുവച്ചിരിക്കുന്നതെന്നാണ് പ്രചരണം. പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് അനധികൃതമായി കൈവശം വച്ചിരിക്കുന്നതും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കേണ്ടതുമായ ഭൂമിയില്‍ സ്വകാര്യകമ്പനി വിമാനത്താവളം നിര്‍മ്മിക്കുന്നുവെന്നതും വിശ്വസനീയമല്ല.