കണ്ണൂര്‍: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ച കേസില്‍ തുടരന്വേഷണമില്ല. അന്വേഷണം ആവശ്യപ്പട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി സിബിഐ കോടതി തള്ളി.
ഫസലിനെ കൊന്നത് താനുള്‍പ്പെടെയുള്ള സംഘമാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സത്താര്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഫസലിനെ കൊലപ്പെടുത്തിയതിന്റെ വിശദാംശങ്ങള്‍ സുബീഷ് പോലീസിനോട് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും സത്താര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് സുബീഷ് പിന്നീട് സിബിഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഫസലിന്റെ സഹോദരനും സിപിഎം അനുഭാവിയുമായ അബ്ദുള്‍ സത്താര്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സിബിഐയുടെ വാദം.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് പോലീസിന് കൊടുത്ത മൊഴിയും പോലീസിന്റെ കണ്ടെത്തലും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി. പോലീസിന്റെ മുമ്പില്‍ ഒരു പ്രതി നല്‍കുന്ന മൊഴിക്ക് നിയമസാധുതയില്ല. അതു കൊണ്ട് ആ മൊഴി കണക്കിലെടുത്ത് പുനരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
 
            


























 
				





















