പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം: ഉറപ്പുകളൊന്നുമില്ലാതെ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെ ജോസ് നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ ഉത്തരവായിറങ്ങി. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാതെ, വാക്കാല്‍ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് 74.01 ശതമാനം അഡ്വൈസ് നല്‍കി കഴിഞ്ഞതിനാല്‍ ഇനി നിയമനം നടത്താന്‍ കഴിയില്ലെന്നും, ഒഴിവുകളുണ്ടെന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമില്ലെന്നുമാണ് ഉത്തരവിലുള്ളത്.

എല്‍ജിഎസ് റാങ്കുപട്ടികയുടെ കാലാവധി തീര്‍ന്നിട്ടില്ലാത്തതിനാല്‍, അതില്‍നിന്നും ഇനിവരുന്ന രണ്ട് മാസങ്ങളിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍പേര്‍ക്ക് നിയമനം നടത്തുമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസകരമാണ്. നൈറ്റ് വാച്ചര്‍മാരുടെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യം പരിശോധിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. നൈറ്റ് വാച്ചര്‍മാരുടെ സമയം നിജപ്പെടുത്തികഴിഞ്ഞാല്‍ അതില്‍ നിന്നും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.